ലക്‌നൗ: രാഹുൽ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമർശർശനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നുണകളിലൂടെ വിഷം പടർത്താനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ക്ഷേത്രത്തിൽ എങ്ങനെയാണ് ഇരിക്കേണ്ടതെന്ന് പോലും രാഹുൽ ഗാന്ധിയ്‌ക്ക് അറിയില്ല. രാഹുൽ ഗാന്ധി അബദ്ധത്തിൽ ഹിന്ദുവായതാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. അമേഠിയിൽ സംഘടിപ്പിച്ച പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധി ഒരു ‘ഇലക്ഷൻ ടൂറിസ്റ്റ്’ ആണ്. തെരഞ്ഞെടുപ്പ് നടക്കുന്ന സമയം മാത്രം ആ പ്രദേശങ്ങളിൽ പോകും. രാഹുൽ കേരളത്തിലേയും അമേഠിയിലേയും ജനങ്ങളെ ഒരുപാട് കബളിപ്പിച്ചുവെന്നും ജനങ്ങളിലെ വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് 2019ൽ സ്മൃതി ഇറാനിയോട് മത്സരിച്ച് തോറ്റതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
രാഹുലിന് ഒരു ക്ഷേത്രത്തിൽ എങ്ങനെയാണ് ഇരിക്കേണ്ടതെന്ന് പോലും അറിയില്ല. താനൊരു ഹിന്ദുവാണെന്ന് പറയാൻ പോലും രാഹുലിന് അർഹതയില്ല. ഹിന്ദുത്വമോ ഹിന്ദുവോ അദ്ദേഹത്തിന് എന്താണെന്ന് അറിയില്ല. അതറിയാതെയാണ് കഴിഞ്ഞ ദിവസം രാഹുൽ സംസാരിച്ചതെന്നും യോഗി വ്യക്തമാക്കി. ഹിന്ദു എന്നത് സഹിഷ്ണുതയാണെന്നും ഹിന്ദുത്വം എന്നാൽ അധികാര മോഹമാണെന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞത്.
പകർച്ചവ്യാധി കാലഘട്ടത്തിൽ ഒരു പ്രതിപക്ഷ പാർട്ടികൾ പോലും സഹായത്തിനായി മുന്നോട്ട് വന്നില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കൊറോണ മഹാമാരി തീവ്രമായി ബാധിച്ച സമയത്ത് എസ്പി, ബിഎസ്പി, കോൺഗ്രസ് എന്നി പാർട്ടികളുടെ ഒരു നേതാക്കളേയോ പ്രവർത്തകനേയോ ജനപ്രതിനിധികളേയോ കണ്ടില്ല. അവരുടെ ദേശീയ പ്രസിഡന്റ് മുതൽ ഒരു പൊതു പ്രവർത്തകൻ പോലും ആ സമയത്ത് ഇവിടെ ഇല്ലായിരുന്നുവെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് സമയത്ത് എല്ലാ പ്രതിപക്ഷ നേതാക്കളേയും കാണാൻ സാധിക്കും. തെരഞ്ഞെടുപ്പിന് ശേഷം നാലര വർഷത്തേയ്‌ക്ക് അവർ അപ്രത്യക്ഷമാകുമെന്നും യോഗി പറഞ്ഞു. ‘ബിജെപി ഒന്നും മറച്ചുവെക്കുന്നില്ല, ഞങ്ങൾക്ക് ഒരു മടിയുമില്ല. ഞാൻ മുഖ്യമന്ത്രിയല്ലാത്തപ്പോഴും ഇത് പറയുമായിരുന്നു, ഇന്നും ഞാൻ ഇത് പറയുന്നു, എപ്പോഴും പറയും, എല്ലാവരും ഹിന്ദുക്കളാണെന്ന് അഭിമാനത്തോടെ പറയണം’ യോഗി ആദിത്യനാഥ് പറഞ്ഞു.
Comments