ശബരിമലയിലെ മിച്ച വരുമാനത്തിൽ നിന്ന് ശമ്പളം പറ്റുന്നവർ ഡ്യൂട്ടിയെടുക്കാൻ എന്തിന് മടിക്കുന്നു; ദേവസ്വം ജീവനക്കാർക്കെതിരെ വീണ്ടും ഹൈക്കോടതി

Published by
Janam Web Desk

കൊച്ചി: ശബരിമല സ്‌പെഷൽ ഡ്യൂട്ടി ഒഴിവാക്കുന്ന ദേവസ്വം ജീവനക്കാർക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ദേവസ്വം കമ്മീഷണറോട് അടിയന്തര റിപ്പോർട്ട് തേടി. മതിയായ കാരണങ്ങളില്ലാതെ ഡ്യൂട്ടിയിൽ നിന്നും വിട്ടു നിൽക്കുന്ന ജീവനക്കാരുടെ വിവരങ്ങൾ സമർപ്പിക്കാനാണ് നിർദേശം.

കഴിഞ്ഞ രണ്ടു വർഷത്തിനിടെ ശബരിമല സ്‌പെഷ്യൽ ഡ്യൂട്ടിയെടുക്കാത്ത ജീവനക്കാരുടെ വിവരങ്ങളും കോടതി ആവശ്യപ്പെട്ടു. ശബരിമലയിലെ മിച്ച വരുമാനത്തിൽ നിന്നും ശമ്പളവും മറ്റാനുകൂല്യങ്ങളും കൈപ്പറ്റുന്നവർ ഡ്യൂട്ടിയെടുക്കുന്നതിൽ വിമുഖത കാട്ടുന്നത് ഒരിക്കലും നിസാരമായി കാണാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കോടതി ഉത്തരവിട്ടിട്ടും ആവശ്യമായ ജീവനക്കാരെ നിയോഗിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സ്‌പെഷൽ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിന്മേലാണ് ഇടപെടൽ. 200 ലധികം അധിക ജീവനക്കാരെയും 250 താൽക്കാലിക ജീവനക്കാരെയും നിയമിക്കാൻ ഹൈക്കോടതി കഴിഞ്ഞ മാസം 16 ന് ദേവസ്വം ബോർഡിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ താൽക്കാലിക ജീവനക്കാരടക്കം 150 ൽ താഴെ ജീവനക്കാർ മാത്രമാണ് ജോലിക്കെത്തിയത്.

മതിയായ കാരണങ്ങളില്ലാതെ ഡ്യൂട്ടി ഒഴിവാക്കിയവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും ബെഞ്ച് ഉത്തരവിട്ടു.

Share
Leave a Comment