കൊച്ചി : സംസ്ഥാന സർക്കാർ പദ്ധതിയായ സിൽവർ ലൈനിനെതിരെ ജനങ്ങൾ പ്രതിഷേധം ശക്തമാക്കുന്നതിനിടയിലും വിശദീകരണ യോഗം ചേരാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് എറണാകുളം ടിഡിഎം ഹാളിൽ യോഗം ചേരും. രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾ സംഘടനാ പ്രവർത്തകർ, സാങ്കേതിക വിദഗ്ധർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും. രാവിലെ 11 മണിക്കാണ് യോഗം.
അതിനിടെ സർക്കാർ വാദങ്ങളുടേയും കെറെയിൽ നടത്തിയ പഠനങ്ങളുടെയും ആധികാരികതയെ തന്നെ ചോദ്യംചെയ്തുകൊണ്ട് ആളുകൾ രംഗത്തെത്തുന്നുണ്ട്. ഏറ്റെടുക്കുന്ന ഭൂമിയുടെ കണക്ക് മുതൽ കെറെയിൽ കയറുന്ന യാത്രക്കാരുടെ എണ്ണത്തിൽ വരെ വൈരുദ്ധ്യങ്ങൾ ഉണ്ട്.
ഇന്നലെ നടന്ന യോഗത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണത്തിലും പൊരുത്തക്കേട് സംഭവിച്ചിട്ടുണ്ട്. റെയിൽവേയിൽ 30 മീറ്റർ ബഫർ സേഫ് ആണെന്നും സിൽവർ ലൈനിൽ അഞ്ച് മീറ്റർ മാത്രമാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഇത് വസ്തുതാ വിരുദ്ധമാണെന്ന് കെ റെയിൽ അധികൃതർ വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ പറയുന്നു.
ഡബിൾ ലൈൻ പദ്ധതിയുടെ നാല് ട്രാക്കുകളുടെ മദ്ധ്യത്തിൽ നിന്ന് ഇരുവശത്തേക്കും 15 മീറ്റർ വീതം ഭൂമി ഏറ്റെടുത്ത് സുരക്ഷിത മേഖലയാക്കുമെന്നാണ് അധികൃതർ അറിയിച്ചത്. രണ്ട് ഭാഗത്തുമായി ഇത്തരത്തിൽ 30 മീറ്റർ ഭൂമിയാണ് ഏറ്റെടുക്കുക. ഇത് തന്നെയാണ് കെആർഡിസിഎൽ അതിർത്തിയായി നിശ്ചയിച്ചിരിക്കുന്നത്. ഇത് കൂടാതെ അഞ്ച് മീറ്റർ കൂടിയെടുത്ത് അത് ബഫർ സോണാക്കും.
അതായത് ഇരുഭാഗത്തുമായി 10 മീറ്റർ വീതിയിലുളള സ്ഥലം കൂടി സുരക്ഷാ മേഖലയാകും. എന്നാൽ ഇതൊന്നും പറയാതെ അതിർത്തി കഴിഞ്ഞ് ഒരു വശത്തേക്കുള്ള ബഫർ സോണായി നിശ്ചയിച്ച അഞ്ച് മീറ്ററിന്റെ കാര്യം മാത്രമാണ് മുഖ്യമന്ത്രി പരാമർശിച്ചത്. രണ്ട് ട്രാക്കുകൾക്കിടയിൽ വേണ്ട സ്ഥലം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
















Comments