കാബൂൾ : ഡ്യൂറൻഡ് ലൈനിൽ അതിർത്തിവേലി കെട്ടാനുള്ള പാകിസ്താൻ നീക്കത്തിനെതിരെ ശക്തമായ താക്കീതുമായി താലിബാൻ. അതിർത്തിവേലി കെട്ടാൻ പാകിസ്താനെ അനുവദിക്കില്ലെന്ന് താലിബാൻ അറിയിച്ചു. താലിബാൻ കമാൻഡർ മൗലവി സനൗള്ള സൻഗിൻ ആണ് ഇതുമായി ബന്ധപ്പെട്ട പ്രസ്താവന പുറപ്പെടുവിച്ചത്.
പാകിസ്താനും അഫ്ഗാനിസ്താനും ഇടയിൽ 2,600 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന അന്താരാഷ്‌ട്ര അതിർത്തിയാണ് ഡ്യൂറൻഡ് ലൈൻ. അഫ്ഗാനിസ്താനുമായി മതിയായ ചർച്ചകൾ നടത്താതെ സ്വന്തം ഇഷ്ടപ്രകാരമാണ് പാകിസ്താൻ വേലി നിർമ്മാണം ആരംഭിച്ചത്. ഇതു മുതൽ മേഖല സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് പാകിസ്താന് താക്കീതുമായി താലിബാൻ രംഗത്ത് വന്നത്. പ്രശ്നം നയതന്ത്രപരമായി തീർക്കണമെന്നാണ് താലിബാൻ പറയുന്നത്.
ഡ്യൂറൻഡ് ലൈനിൽ അതിർത്തി വേലികൾ നിർമ്മിക്കാൻ പാകിസ്താനെ താലിബാൻ അനുവദിക്കില്ല. രാജ്യം പണ്ട് ചെയ്തതെല്ലാം ചെയ്തു. എന്നാൽ ഇനി സമാന പ്രവർത്തനങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ല. മേഖലയിൽ അതിർത്തി വേലി നിർമ്മിക്കുകയില്ല – മൗലവി സനൗള്ള സൻഗിൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ഡ്യൂറൻഡ് ലൈനുമായി ബന്ധപ്പെട്ട് പാക് ആഭ്യന്തര മന്ത്രി ഷാ മുഹമ്മദ് ഖുറേഷി ചില പ്രസ്താവനകൾ നടത്തിയിരുന്നു. ഇതേ തുടർന്നാണ് മുന്നറിയിപ്പുമായി താലിബാൻ രംഗത്ത് വന്നത്. മേഖലയിൽ ചില സങ്കീർണതകൾ നിലനിൽക്കുന്നുവെന്നും, അതിർത്തിയിൽ വേലി നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ താലിബാനുമായി ചർച്ച ചെയ്യുകയാണെന്നുമായിരുന്നു ഖുറേഷിയുടെ പ്രതികരണം.
















Comments