ന്യൂഡൽഹി : രാജ്യത്തെ നിയമ സംവിധാനത്തെ ഉടച്ചുവാർക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഐപിസി, സിആർപിസി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയിൽ അനിവാര്യമായ മാറ്റങ്ങൾ വരുത്താനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് എംപിമാരിൽ നിന്നും നിർദ്ദേശങ്ങൾ തേടി ആഭ്യന്തര മന്ത്രാലയം കത്തയച്ചു.
രാജ്യത്തെ ജനങ്ങൾക്ക് എത്രയും വേഗം നീതി ലഭ്യമാക്കുക ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ നിയമങ്ങൾ ഭേദഗതി ചെയ്യുന്നത്. നിലവിൽ താഴെക്കിടയിലുള്ള ഒരു വിഭാഗം ജനങ്ങൾക്ക് നീതി ഉറപ്പാക്കുന്നതിനായി നിലവിലെ നിയമങ്ങൾ പരാജയപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിയമങ്ങൾ പരിഷ്‌കരിക്കാൻ ഒരുങ്ങുന്നത്. പ്രധാനമായും ക്രിമിനൽ നിയമങ്ങൾ പരിഷ്‌കരിക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യം.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വികസനം എന്ന മന്ത്രത്തിൽ അധിഷ്ഠിതമായാണ് കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങൾ എന്ന് ആഭ്യന്തര മന്ത്രി എംപിമാർക്ക് അയച്ച കത്തിൽ പറയുന്നു. അതുകൊണ്ടുതന്നെ രാജ്യത്തെ എല്ലാ ജനങ്ങൾക്കും, പ്രധാനമായും താഴെക്കിടയിലുള്ള ആളുകൾക്ക് നീതി ഉടൻ ലഭ്യമാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. പ്രധാനമായും ക്രിമിനൽ നിയമങ്ങളിലാണ് ഭേദഗതിവേണ്ടതെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു.
രാജ്യത്തെ ക്രിമിനൽ നിയമങ്ങളിൽ ഭേദഗതി വേണമെന്നാണ് കഴിഞ്ഞ 70 വർഷക്കാലത്തെ അനുഭവങ്ങൾ വ്യക്തമാക്കുന്നത്. ഐപിസി, സിആർപിസി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയിൽ മാറ്റം ആവശ്യമാണ്. ജനാഭിലാഷത്തിന് അനുസരിച്ച് നിയമങ്ങളിൽ മാറ്റം കൊണ്ടുവരും. പൊതുജന കേന്ദ്രീകൃതമായ നിയമ സംവിധാനങ്ങൾ ആണ് തങ്ങൾക്ക് വേണ്ടതെന്നും അമിത് ഷായുടെ കത്തിൽ കൂട്ടിച്ചേർക്കുന്നു.
എംപിമാർക്ക് പുറമേ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ, മുഖ്യമന്ത്രിമാർ, കേന്ദ്രഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്‌ട്രേററ്റർമാർ, ബാർ കൗൺസിൽ അംഗങ്ങൾ എന്നിവരോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശങ്ങൾ ആരാഞ്ഞിട്ടുണ്ട്.
Comments