കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും മോഷ്ടിച്ച കുഞ്ഞിനെ കണ്ടെത്താൻ പോലീസിന് സഹായകമായത് ടാക്‌സി ഡ്രൈവർ അലക്‌സിന്റെ നിർണ്ണായക ഇടപെടൽ. കുഞ്ഞിനെ കടത്തിയ കളമശ്ശേരി സ്വദേശിയായ നീതു ഹോട്ടലിൽ നിന്നും രക്ഷപെടാൻ വേണ്ടി വിളിച്ച ടാക്‌സി ഡ്രൈവർ അലക്‌സിന് തോന്നിയ സംശയമാണ് കുഞ്ഞിനെ കണ്ടെത്താൻ പോലീസിനെ സഹായിച്ചത്.
ഓട്ടം പോകുന്നതിന് വേണ്ടി ഹോട്ടലിൽ നിന്ന് വിളിച്ചത് അനുസരിച്ച് ചെന്നതായിരുന്നു അലക്‌സ്. ഹോട്ടൽ റിസപ്ഷനിൽ നിന്ന് കൈക്കുഞ്ഞുമായി നീതു ഇറങ്ങിവന്നത് കണ്ട അലക്‌സിന് സംശയമായി. ഈ സമയം കുഞ്ഞിനെ കാണാതായ വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ പടർന്നിരുന്നു. എവിടേക്ക് പോകാനാണെന്ന് ചോദിച്ചപ്പോൾ അമൃതയിലേക്ക് കുഞ്ഞിനേയും കൊണ്ടു പോകാനാണെന്ന് പറയുകയും കൂടെ ആൺ കുട്ടിയെ കണ്ടതോടെ സംശയം ഇരട്ടിച്ചതായും ഡ്രൈവർ പറഞ്ഞു.
തന്റെ സംശയം അലക്‌സ് ഹോട്ടൽ മാനേജറെ അറിയിക്കുകയും പോലീസിനെ അറിയിക്കാൻ തീരുമാനിക്കുകയുമായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് നീതുവിനെ കസ്റ്റഡിയിലെടുക്കുകയും കുഞ്ഞിനെ അമ്മയുടെ കയ്യിൽ തിരികെ ഏൽപ്പിക്കുകയും ചെയ്തു. കുഞ്ഞ് നിലവിൽ ഐസിയുവിൽ നിരീക്ഷണത്തിലാണ്. ഇന്ന് ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയാണ് കുഞ്ഞിനെ കാണാതാകുന്നത്.
നഴ്‌സിന്റെ വേഷത്തിലെത്തിയ നീതു ചികിത്സയുടെ ആവശ്യത്തിനെന്ന പേരിൽ കുഞ്ഞിനെ അമ്മയുടെ കയ്യിൽ നിന്നും വാങ്ങുകയായിരുന്നു. എന്നാൽ സംശയം തോന്നിയ ബന്ധുക്കൾ ആശുപത്രി അധികൃതരെ അറിയിച്ചപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരുന്നത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ കണ്ടെത്തുന്നത്.
















Comments