രാജ്യത്ത് ഏറ്റവും കനത്ത സുരക്ഷയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബ് സന്ദർശനത്തിനിടെ റോഡിൽ കുടുങ്ങിയത് വലിയ ചർച്ചയായിട്ടുണ്ട്. പ്രധാനമന്ത്രിയുടെ യാത്രാവിവരങ്ങൾ പോലും സമരക്കാർക്ക് ലഭിച്ചത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും റിപ്പോർട്ടുകളുണ്ട് .
ഞ്ചാബിലെ സുരക്ഷാ വീഴ്ചയ്ക്കു പിന്നാലെ, ബ്ലൂ ബുക്കിലെ നിർദേശങ്ങൾ പഞ്ചാബ് സർക്കാർ അവഗണിച്ചുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്. അടിയന്തര സാഹചര്യം ഉണ്ടായിക്കഴിഞ്ഞാൽ ബദൽ സംവിധാനങ്ങൾ തയ്യാറായിരിക്കണമെന്നാണ് നിർദേശം. എന്നാൽ അത്തരത്തിൽ ഒരു സംവിധാനവും സംസ്ഥാന പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും കേന്ദ്രം കുറ്റപ്പെടുത്തുന്നുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ബ്ലൂ ബുക്ക് പുറത്തിറക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മൂന്ന് ദിവസം മുമ്പ് തന്നെ യാത്രയുടെ വിരങ്ങൾ ബ്ലൂ ബുക്കിൽ രേഖപ്പെടുത്തും. യാത്രയ്ക്കിടെ നടപ്പിലാക്കേണ്ട പ്ലാൻ എ, ബി എല്ലാം വിശദമായി ബ്ലൂ ബുക്കിൽ യാത്രയ്ക്ക് മുൻപേ വ്യക്തമായി രേഖപ്പെടുത്തും. അവ അനുസരിച്ചാണ് യാത്ര തുടരുക . പരിപാടിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ബ്ലൂ ബുക്കിൽ ഉണ്ടാകും. പ്രാദേശിക രഹസ്യാന്വേഷണ ഏജൻസികളുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചിട്ടായിരിക്കും ഇത് തയ്യാറാക്കുക. എങ്ങനെ ആയിരിക്കണം യാത്ര, ആരൊക്കെ എങ്ങനെയൊക്കെ പിന്തുടരണം എന്നത് സംബന്ധിച്ച കാര്യങ്ങളും ഇതിൽ രേഖപ്പെടുത്തിയിരിക്കും.
പ്രധാനമന്ത്രിയുടെ സുരക്ഷ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (എസ്പിജി) ഉത്തരവാദിത്തമാണ്. ഇന്ത്യയിലായാലും വിദേശത്തായാലും പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗങ്ങളെയും എസ്പിജി സംരക്ഷിക്കുന്നു . പ്രധാനമന്ത്രിയുടെ അടിയന്തര സുരക്ഷാ ചുമതലയും ഈ എലൈറ്റ് കമാൻഡോ വിഭാഗത്തിനാണ്. പ്രധാനമന്ത്രിക്ക് ചുറ്റുമുള്ള പ്രദേശം എസ്പിജിയുടെ നിയന്ത്രണത്തിലാകും.
കേന്ദ്ര ഏജൻസികളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയുടെ ഷെഡ്യൂളിന്റെ ഓരോ മിനിറ്റും രേഖപ്പെടുത്തുകയും നിരീക്ഷിക്കുകയും ചെയ്യും . പ്രധാനമന്ത്രിയുടെ സംസ്ഥാന സന്ദർശന വേളയിൽ ലോക്കൽ പോലീസ് ഈ മിനിറ്റ്-ബൈ-മിനിറ്റ് പ്രോഗ്രാം പരിപാലിക്കും , പക്ഷേ ഇതിന് മേൽനോട്ടം വഹിക്കുന്നത് എസ്പിജി ഉദ്യോഗസ്ഥരാണ്.
പ്രധാനമന്ത്രിക്ക് യാത്ര ചെയ്യുന്നതിനായി ബുള്ളറ്റ് പ്രൂഫ്കാറുകളും സുരക്ഷയ്ക്കായി ചുരുങ്ങിയത് 40 അംഗങ്ങളെങ്കിലുമുള്ള എസ്പിജി സംഘത്തെയുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ബെൽജിയം നിർമിത എഫ്എൻ ഹെർസ്റ്റൽ എഫ്200, എഫ്എൻ ഹെർസ്റ്റൽ ഫൈവ്–സെവൻ, ഗ്ലോക്ക് 17, ഗ്ലോക്ക് 19, എഫ്എൻ ഹെർസ്റ്റൽ പി90 എന്നീ തോക്കുകളാണ് എസ്പിജി ഉപയോഗിക്കുന്നത്.
കഴിഞ്ഞ മാസമാണ് പ്രധാനമന്ത്രിയുടെ യാത്രയ്ക്ക് പുതിയ ബുള്ളറ്റ് പ്രൂഫ് കാർ മെയ്ബ 650 ഗാർഡ് വാങ്ങിയത്.പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുൻപില്ലാത്ത തരത്തില്‍ സുരക്ഷാ കവചം ഒരുക്കണമെന്ന് നേരത്തേതന്നെ ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. പ്രധാനമന്ത്രി കനത്ത ഭീഷണി നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. കേന്ദ്ര മന്ത്രിമാര്‍ക്കോ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കോ പോലും സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (എസ്പിജി) ക്ലിയറന്‍സില്ലാതെ അദ്ദേഹത്തിന്റെ അടുത്തെത്താന്‍ പോലും അനുമതിയില്ല
Comments