തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തെലങ്കാനയിൽ നിക്ഷേപ സംഗമം നടത്തും. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ഹൈദരാബാദിലെ പാർക്ക് അവന്യു ഹോട്ടലിലാണ് പരിപാടി നടക്കുന്നത്. പരിപാടിയിൽ കേരളത്തിലെ നിക്ഷേപസാദ്ധ്യതകൾ മുഖ്യമന്ത്രി അവതരിപ്പിക്കും. ‘ഇൻവെസ്റ്റ്‌മെന്റ് റോഡ് ഷോ’ എന്ന പേരിട്ട് കൊണ്ടാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നിക്ഷേപം നടത്തിയാലുണ്ടാകുന്ന സാധ്യതകൾ വ്യവസായ പ്രമുഖരുമായി മുഖ്യമന്ത്രി പങ്കുവയ്‌ക്കും.
ഐടി, ബയോടെക്‌നോളജി ഫാർമ മേഖലയിലെ സാധ്യതകൾ മുഖ്യമന്ത്രി അവതരിപ്പിക്കും. വിവിധ തലങ്ങളിൽ നിന്നുള്ള പ്രമുഖരും യോഗത്തിൽ പങ്കെടുക്കും. രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്, തെലങ്കാനയിലെ രാജ്യസഭാംഗം രാമി റെഡ്ഡി തുടങ്ങിയവരും ഇതിൽ പങ്കെടുക്കുന്നുണ്ട്. വിവിധ പദ്ധതികളെ കുറിച്ച് യോഗത്തിൽ മുഖ്യമന്ത്രി വിശദീകരിക്കും.
ഏതാനും മാസങ്ങൾക്ക് മുൻപാണ് 4000 കോടിയുടെ നിക്ഷേപവുമായി കിറ്റെക്‌സ് കേരളത്തിൽ നിന്ന് തെലങ്കാനയിലേക്ക് ചുവട് മാറിയത്. തെലങ്കാനയിൽ വലിയ പ്രൊജക്ടിന് തന്നെ കിറ്റെക്‌സ് പദ്ധതി ഇട്ടിട്ടുണ്ട്. 1000 കോടിയുടെ പ്രാരംഭ നിക്ഷേപമാണ് കിറ്റെക്‌സ് തെലങ്കാനയിൽ നടത്താൻ പോകുന്നത്. ഇത് കേരളത്തിലെ വ്യവസായ രംഗത്തിന് വലിയ തിരിച്ചടിയായതിന് പിന്നാലെയാണ് നിക്ഷേപ സംഗമവുമായി മുഖ്യമന്ത്രി നേരിട്ട് തെലങ്കാനയിൽ എത്തുന്നത്.
















Comments