ശ്രീനഗർ: കശ്മീരിൽ കനത്ത മഞ്ഞു വീഴ്ചയിൽ വലഞ്ഞ പൂർണ ഗർഭിണിയെ സുരക്ഷിതമായി ആശുപത്രിയിലെത്തിച്ച് ഇന്ത്യൻ സൈന്യം. മുട്ടോളം മഞ്ഞ് ഉണ്ടായിരുന്നിട്ടും ആറ് കിലോമീറ്ററോളം ഗർഭിണിയേയും ചുമന്ന് നടന്നാണ് സൈനികർ ആശുപത്രിയിലെത്തിച്ചത്. കശ്മീരിലെ ഘാഗ്ഗർ ഹിൽ വില്ലേജിൽ ഇന്ന് രാവിലെ പത്ത് മണിക്കാണ് സംഭവം.
സൈനികരെ തേടി ബോണിയാറിലെ പ്രദേശത്ത് നിന്നാണ് ഫോൺ കോൾ എത്തുന്നത്. പ്രദേശത്ത് മഞ്ഞു വീഴ്ച രൂക്ഷമാണെന്നും പ്രസവ വേദന തുടങ്ങിയ യുവതിയെ ആശുപത്രിയിലെത്തിക്കണമെന്നും അഭ്യർത്ഥിച്ചാണ് പ്രദേശവാസികൾ സൈനികരെ വിളിക്കുന്നത്. ഇവിടെ നിന്നും വാഹനത്തിൽ വരുന്നത് ബുദ്ധിമുട്ടാണെന്നും അവർ സൈനികരെ അറിയിച്ചു.
ഉടൻ തന്നെ ഒരു ആരോഗ്യ പ്രവർത്തകനേയും കൂട്ടി സൈനികർ ഇവരുടെ അടുത്തേക്ക് എത്തുകയായിരുന്നു. സൈനിക ക്യാമ്പിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്ററോളം സഞ്ചരിച്ചാണ് ഇവർ വീട്ടിലെത്തിയത്. പ്രാഥമിക പരിശോധനയ്‌ക്ക് ശേഷം യുവതിയെ സ്ട്രെച്ചറിൽ കിടത്തി ആറ് കിലോമീറ്ററോളം മഞ്ഞിലൂടെ നടന്ന് അടുത്തുള്ള ബോണിയാറിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൃത്യസമയത്ത് രക്ഷാപ്രവർത്തനം നടത്തിയ സൈനികർക്ക് ആശുപത്രി അധികൃതരും പ്രദേശവാസികളും യുവതിയുടെ കുടുംബവും നന്ദി അറിയിയിക്കുകയും ചെയ്തു.
Comments