മലപ്പുറം: സംസ്ഥാനത്ത് ഒമിക്രോൺ വകഭേദം വ്യാപിക്കുന്നത് കണക്കിലെടുത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നു. ഇതിനിടെ മലപ്പുറം എടപ്പാൾ മേൽപ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കൊറോണ നിയന്ത്രണങ്ങൾ ലംഘിച്ച് ഒത്തുകൂടിയത് ആയിരങ്ങൾ. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് പാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഉദ്ഘാടന ചടങ്ങിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.
ജനുവരി നാലിന് സർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം അടച്ചിട്ട ഹാളുകളിലെ പരിപാടികൾക്ക് 75 പേരും തുറസ്സായ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികൾക്ക് 150 പേരേയുമാണ് അനുവദിക്കുക. ഈ മാനദണ്ഡങ്ങൾ നിലനിൽക്കെയാണ് സർക്കാർ പ്രതിനിധികൾ അടക്കം പങ്കെടുത്ത പരിപാടിയിൽ ആയിരങ്ങൾ ഒത്തുകൂടിയത്.
നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ അടക്കം വിമർശനവുമായി എത്തിയിരിക്കുന്നത്. വിദേശത്ത് നിന്നുള്ളവർക്ക് അടക്കം കർശന ക്വാറന്റീൻ ഏർപ്പെടുത്തുന്ന സാഹചര്യത്തിലാണ് മാതൃകയാകേണ്ട സർക്കാർ തന്നെ ഇത്തരത്തിൽ മാനദണ്ഡങ്ങൾ ലംഘിക്കുന്നത്. ചരിത്രത്തിൽ ആദ്യമായി കൊറോണയ്‌ക്ക് കാല് കുത്താൻ ഇടമില്ലാത്ത പാലം നിർമ്മിച്ച് അഭിമാനമായി സഖാവിന്റെ സർക്കാർ എന്നാണ് ഒരാൾ കുറിച്ചത്.
‘കൊറോണയ്‌ക്ക് നിൽക്കാൻ സ്ഥലം കൊടുക്കാത്തതിൽ കൊറോണ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി’ ‘സർക്കാർക്ക് എന്ത് നിയന്ത്രണം? അവർക്ക് എന്തുമാകാല്ലോ’ എന്നിങ്ങനെ നീളുന്നു പ്രതികരണങ്ങൾ.
















Comments