കണ്ണൂർ: കേരള രാഷ്‌ട്രീയത്തിൽ എക്കാലത്തും വിവാദ നായകന്മാരാണ് കണ്ണൂരിലെ ജയരാജന്മാർ. ഇ പി ജയരാജൻ, പി ജയരാജൻ, എം വി ജയരാജൻ എന്നീ മൂന്ന് നേതാക്കൾ എന്നും പ്രസ്താവനകൾ കൊണ്ടും പ്രവൃത്തി കൊണ്ടുമാണ് ശ്രദ്ധാകേന്ദ്രമാകാറുളളത്. നീണ്ട ഇടവേളയ്‌ക്ക് ശേഷം ജയരാജന്മാർ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്.
കെ-റെയിൽ വിഷയത്തിൽ കേരളത്തിൽ ജനകീയ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് എതിരാളികൾക്കെതിരെ ഭീഷണിയും പരിഹാസവും നിറഞ്ഞ പ്രസ്താവനകളുമായി കണ്ണുരിൽ നിന്നുളള സിപിഎം നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. കെ റെയിൽ ഉടൻ വരുമെന്നും കുറച്ച് നാൾ കഴിയുമ്പോൾ കേരളത്തിന്റെ ആകാശം മുഴുവൻ വിമാനങ്ങളായിരിക്കുമെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ഇ പി ജയരാജൻ പറഞ്ഞത്. കെ-റെയിൽ വിഷയത്തിൽ കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് മുൻമന്ത്രി കൂടിയായ ജയരാജൻ മണ്ടത്തരം വിളിച്ച് പറഞ്ഞത്.
ഇതോടെ ഇ പി ജയരാജന് വിഷയത്തിൽ വലിയ വിവരമില്ലെന്ന് പാർട്ടി പ്രവർത്തകർ തന്നെ അടക്കം പറയുന്നു. കെ റെയിലിനെ അനുകൂലിച്ച് കൊണ്ടുളള ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ നിറയെ ട്രോളുകളാണ്.
ഇതിനു മുൻപ് ബോക്സിംഗ് ഇതിഹാസം മുഹമ്മദലിയുടെ നിര്യാണത്തിൽ അനുശോചിച്ച ജയരാജന്റെ പ്രതികരണം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. അദ്ദേഹം കായികമന്ത്രിയായിരിക്കേയാണ് ആ സംഭവം. മുഹമ്മദലി മരിച്ചതിൽ അനുശോചനം രേഖപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോഴാണ് ജയരാജൻ മണ്ടത്തരങ്ങൾ വിളമ്പിയത്.
‘മുഹമ്മദലി അമേരിക്കയിൽ മരിച്ച വിവരം ഞാൻ ഇപ്പോഴാണ് അറിഞ്ഞത്. കേരളത്തിന്റെ കായിക രംഗത്തെ ലോകരാഷ്‌ട്രങ്ങളുടെ നിലവാരത്തിലേയ്‌ക്ക് ഉയർത്തിയ താരമാണ് അദ്ദേഹം. സ്വർണമെഡൽ നേടി കേരളത്തിന്റെ പ്രശസ്തി അദ്ദേഹം വാനോളമുയർത്തി. മുഹമ്മദലിയുടെ മരണത്തിൽ കേരളത്തിന്റെ ദുഃഖം ഞാൻ അറിയിക്കുന്നു’ എന്നാണ് ജയരാജൻ അന്ന് പറഞ്ഞത്. നിമിഷങ്ങൾക്കകം തന്നെ മുൻമന്ത്രിയുടെ ഈ മണ്ടത്തരം നിറഞ്ഞ അനുശോചനം സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി. ജയരാജന്റെ ഈ മണ്ടത്തരം അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിൽ വരെ പരിഹാസ രൂപത്തിൽ വാർത്തയായി വന്നിട്ടുണ്ട്.
കെ-റെയിൽ വിഷയത്തിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ഭീഷണി നിറഞ്ഞ പ്രസ്താവനയാണ് മറ്റൊരു വിവാദത്തിന് വഴിവച്ചത്. പ്രക്ഷോഭത്തിനൊരുങ്ങുന്ന പ്രതിപക്ഷത്തിനെ പരിഹസിച്ചാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ രംഗത്തെത്തിയത്. കല്ല് പറിക്കും മുൻപ് സ്വന്തം പല്ല് സൂക്ഷിക്കണമെന്നായിരുന്നു എം വി ജയരാജന്റെ പ്രസ്താവന.
കെ റെയിലിന്റെ സർവ്വേക്കല്ലുകൾ പിഴുതെറിയുമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയ്‌ക്ക് എതിരെയായിരുന്നു ജയരാജന്റെ ഫെയ്‌സ്ബുക്കിലൂടെയുളള ഭീഷണി. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും മുകളിലേയ്‌ക്ക് തുപ്പിക്കളിക്കുകയാണെന്നും എംവി ജയരാജൻ പരിഹസിച്ചു. ഹൈക്കോടതി ജഡ്ജിയെ ശുംഭൻ വിളിയിലൂടെ കുപ്രസിദ്ധി നേടിയ ആളാണ് എം വി ജയരാജൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
Comments