ന്യൂഡൽഹി : ലഡാക്ക് അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയ്‌ക്കൊരുങ്ങി ഇന്ത്യയും ചൈനയും. ഇരു രാജ്യങ്ങളിലെയും സൈനിക കമാൻഡർമാർ ഈ മാസം 12 ന് വിഷയം വീണ്ടും ചർച്ച ചെയ്യും. ലഡാക്കിൽ സംഘർഷമുണ്ടായതിന് പിന്നാലെ 14ാം തവണയാണ് ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തുന്നത്.
യഥാർത്ഥ നിയന്ത്രണ രേഖയിലെ ഇന്ത്യൻ മേഖലയിലെ ചുഷുലിലാകും ചർച്ചയെന്നാണ് റിപ്പോർട്ടുകൾ. ലഡാക്കിൽ സംഘർഷ സാദ്ധ്യത നിലനിൽക്കുന്ന ചില മേഖലകളിൽ നിന്നും ഇരു വിഭാഗം സൈന്യങ്ങളും ഇനിയും പിൻവാങ്ങാനുണ്ട്. ഈ മേഖലകളിൽ നിന്നുള്ള സൈനിക പിന്മാറ്റം ആകും പ്രധാന ചർച്ചാവിഷയം. നിലവിൽ ദെസ്പഞ്ച് ബുൾജ്, ദെംചോക് തുടങ്ങിയ മേഖലകളിൽ നിന്നാണ് സൈനികർ പിന്മാറാനുള്ളത്.
ഒക്ടോബർ 10 നായിരുന്നു 13ാം വട്ട ചർച്ച നടന്നത്. ചർച്ചകളിൽ ഇന്ത്യ മുന്നോട്ടുവെയ്‌ക്കുന്ന ഫലപ്രദമായ നിർദ്ദേശങ്ങളിൽ ചൈന അംഗീകരിക്കാൻ വിമുഖത പ്രകടിപ്പിക്കുകയാണ്. ഇതാണ് ചർച്ചകൾ നീളുന്നതിന് കാരണം. ഒക്ടോബറിലെ ചർച്ചയ്‌ക്ക് പിന്നാലെ നവംബറിൽ 14ാം വട്ട ചർച്ച നടത്താൻ ആയിരുന്നു തീരുമാനം. എന്നാൽ പിന്നീട് ചർച്ച നീളുകയായിരുന്നു.
Comments