കാസർകോട്: വധുവിന്റെ വീട്ടിലേക്ക് വരനെ വേഷം കെട്ടിച്ചും ഡാൻസ് ചെയ്തും പാട്ടുപാടിയും ആനയിച്ച സംഭവത്തിൽ വരനും സുഹൃത്തുക്കൾക്കുമെതിരെ കേസ്. ദക്ഷിണ കന്നഡയിലെ ഹിന്ദു ആരാധന ദൈവമായ കൊറഗജ്ജയുടെ വേഷം കെട്ടിച്ചും ആഭാസ നൃത്തം ചെയ്തുമാണ് വരനെ വധുവിന്റെ വീട്ടിലേക്ക് ആനയിച്ചത്. ഇത് വലിയ വിമർശനങ്ങൾക്കാണ് വഴിയൊരുക്കിയത്.
സംഭവത്തിൽ മലയാളിയായ വരനും ബന്ധുക്കൾക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഹൈന്ദവ സംഘടനാ പ്രവർത്തകർ നൽകിയ പരാതിയിലാണ് കേസ്. കർണാടക പോലീസിന്റേതാണ് നടപടി. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് വരനും സുഹൃത്തുക്കൾക്കുമെതിരെ കേസെടുത്തിരിക്കുന്നത്. മുസ്ലീം സമുദായത്തിലുള്ള വരനെ കൊറഗജ്ജയുടെ വേഷം കെട്ടിച്ച ശേഷം മാപ്പിള പാട്ട് പാടിയാണ് സുഹൃത്തുക്കൾ വരവേൽക്കുന്നത്.
കാസർകോട് ഉപ്പളയിലെ വരന്റെ വീട്ടിൽ നിന്ന് ദക്ഷിണ കന്നഡ വിട്ളയിലെ വധുവിന്റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു വരനെ ഇത്തരത്തിൽ വേഷം കെട്ടിച്ചത്. രാത്രി വരൻ വധുവിന്റെ വീട്ടിലേക്ക് പോകുന്ന ചടങ്ങിനിടെയാണ് സുഹൃത്തുക്കളുടെ അതിര് കടന്ന ആഹ്ലാദ പ്രകടനം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഹിന്ദു സംഘടനകൾ കർണാടക പോലീസിൽ പരാതി നൽകുകയും കേസെടുക്കുകയുമായിരുന്നു.
Comments