തിരുവനന്തപുരം : രാഷ്‌ട്രപതിയ്‌ക്ക് രാംനാഥ് കോവിന്ദിന് ഡീ-ലിറ്റ് നൽകാൻ വിസമ്മതിച്ചതിൽ കേരള സർവ്വകലാശാല വൈസ് ചാൻസിലർക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസിലറെ വിസി ധിക്കരിച്ചുവെന്ന് ഗവർണർ പറഞ്ഞു.വിസിയുടെ കത്ത് ലഭിച്ചപ്പോൾ ഞെട്ടിപ്പോയി. ശേഷം മുഖ്യമന്ത്രിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും ഗവർണർ വ്യക്തമാക്കി. തിരുവനന്തപുരം വിമാനത്താവളത്തിൽ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാഷ്‌ട്രപതിയ്‌ക്ക് ഡീ-ലിറ്റ് നൽകാൻ കഴിയില്ലെന്ന് വിസി ഫോണിൽ വിളിച്ചാണ് പറഞ്ഞത്. തുടർന്ന് ഇക്കാര്യം എഴുതി നൽകാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കത്ത് കണ്ടപ്പോൾ ഞെട്ടി. അതിലെ കാര്യങ്ങൾ വിശ്വസിക്കാനായില്ല. 10 മിനിറ്റ് കഴിഞ്ഞാണ് ഞെട്ടലിൽ നിന്നും മുക്തനായത്. വിസി തനിക്ക് അയച്ച കത്തിൽ മുഴുവൻ അക്ഷരത്തെറ്റ് ആയിരുന്നു. വിസിയുടെ ഭാഷ ഇങ്ങിനെയാണോ?. ഭാഷാപരിജ്ഞാനം ഇല്ലാത്തായാളാണോ കേരള സർവ്വകലാശാല വിസിയെന്നും അദ്ദേഹം ചോദിച്ചു.
വിസിയുടെ മറുപടിയ്‌ക്ക് ശേഷം മുഖ്യമന്ത്രിയുമായി ബന്ധപ്പെടാൻ ശ്രമിച്ചു. പക്ഷെ നടന്നില്ല. വിസി മറ്റ് ആരുടേയോ നിർദ്ദേശം അനുസരിക്കുന്നതു പോലെയാണ് തോന്നിയത്. രാഷ്‌ട്രപതിയെ ആദരിക്കാൻ സിൻഡിക്കേറ്റ് അംഗങ്ങളാണ് എതിർപ്പ് ഉയർത്തുന്നത് എന്നാണ് വിസി പറഞ്ഞത്. എന്നാൽ പിന്നീട് അംഗങ്ങളുടെ യോഗം വിളിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഈ ആവശ്യം അംഗീകരിച്ചില്ല.
കണ്ണൂർ വിസിയുടെ പുനർ നിയമനം നിയമ വിരുദ്ധമല്ല. എന്നാൽ നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ വിശദമാക്കി.
Comments