ലക്‌നൗ : കാശിവിശ്വനാഥ ക്ഷേത്രത്തിലെ ജീവനക്കാർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്‌നേഹ സമ്മാനം. ജീവനക്കാർക്ക് അണിയാൻ അദ്ദേഹം ചെരുപ്പുകൾ സമ്മാനമായി നൽകി. നൂറ് ജോടി ചെരുപ്പുകളാണ് അദ്ദേഹം ജീവനക്കാർക്ക് കൈമാറിയത്.
വരണാസിയുടെ വികസനത്തിൽ നിർണായകമായ കാശിവിശ്വനാഥ ക്ഷേത്ര ഇടനാഴി അടുത്തിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചത്. ഇടനാഴിയ്‌ക്കുള്ളിൽ ലെതറുകൊണ്ടോ, റബ്ബറുകൊണ്ടോ നിർമ്മിച്ച ചെരുപ്പുകൾ ധരിക്കാൻ പാടില്ല. ഇതേ തുടർന്ന് നഗ്നപാദരായാണ് ജീവനക്കാർ ജോലി ചെയ്യുന്നത്. ഇത് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ജീവനക്കാർക്ക് ചെരുപ്പുകൾ നൽകിയത്. ജൂട്ട് കൊണ്ടാണ് ഈ ചെരുപ്പുകൾ നിർമ്മിച്ചിരിക്കുന്നത്.
പൂജാരിമാർ, കഴകക്കാർ, സുരക്ഷാ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, എന്നിവരാണ് കാശി വിശ്വനാഥ ക്ഷേത്രത്തിൽ ഉള്ളത്. നിലവിൽ കൊടും തണുപ്പാണ് ഉത്തർപ്രദേശിൽ അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിൽ നഗ്നപാതരായി വളരെ പ്രയാസപ്പെട്ടാണ് ഇവർ ജോലി ചെയ്യുന്നത്.
അതേസമയം പ്രധാനമന്ത്രിയിൽ നിന്നും സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ജീവനക്കാർ. ചെറിയ കാര്യങ്ങളിലും അദ്ദേഹം പുലർത്തുന്ന ശ്രദ്ധയും, താഴെതട്ടിലുള്ളവരോട് അദ്ദേഹം നൽകുന്ന പ്രാധാന്യവും എത്രത്തോളമുണ്ടെന്നാണ് ചെരുപ്പുകൾ നൽകിയത് വ്യക്തമാക്കുന്നതെന്നും അധികൃതർ പറഞ്ഞു.
Comments