പ്രാചീന ചിന്താഗതികളെയും രീതികളെയും മാറ്റിമറിച്ചുകൊണ്ടാണ് കേരളത്തിൽ ജെന്റർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയത്. കാലപ്പഴക്കം ചെന്ന വ്യവസ്ഥകളെ തികച്ചും അവഗണിച്ചുകൊണ്ട് പുരോഗമന ചിന്തകളുമായി മുന്നോട്ട് പോയ ബാലുശ്ശേരിയിലെ ഗവ ഹയർ സെക്കൻഡറി സ്‌കൂളിന് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തുകയുമുണ്ടായി. ഇതിന് പിന്നാലെ പാലക്കാട്ടെ മറ്റൊരു സ്‌കൂൾ ഇപ്പോൾ ഒരു നവീന ആശയവുമായാണ് എത്തിയിരിക്കുന്നത്. സർ, മാഡം, മാഷ് എന്നീ വിളികൾ ഇനി സ്‌കൂളിൽ അനുവദിക്കില്ല. പകരം ടീച്ചർ എന്നാണ് അദ്ധ്യാപകരെ വിളിക്കേണ്ടത്.
പാലക്കാട് ഓലശ്ശേരി ഗ്രാമത്തിലെ സർക്കാർ എയ്ഡഡ് സ്‌കൂളായ സീനിയർ ബേസിക് സ്‌കൂളാണ് പുരോഗമന ചുവടുവെപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. അദ്ധ്യാപകന്മാരെയും അദ്ധ്യാപികമാരെയും ടീച്ചർ എന്ന ഒറ്റ പദത്തിലൂടെ അഭിസംബോധന ചെയ്താൽ മതിയെന്നാണ് തീരുമാനം. അദ്ധ്യാപകർ കൂടിച്ചേർന്നാണ് ഇത് സ്വീകരിച്ചത്. തുടർന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരേ പോലെ ഇതിനെ സ്വാഗതം ചെയ്തുകഴിഞ്ഞു.
വരും തലമുറകൾക്ക് വേർതിരിവുകളുടെ മതിലുകളില്ലാത്ത അന്തരീക്ഷം അനുഭവിക്കാൻ വേണ്ടിയാണ് ഈ സമയത്ത് ഈ നിർണായക തീരുമാനം സ്വീകരിച്ചത് എന്ന് സ്‌കൂൾ അധികൃതർ പറയുന്നു. ഇത്തരത്തിലൊരു നിയമം നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യത്തെ സ്‌കൂൾ കൂടിയാണ് ഓലശ്ശേരി സർക്കാർ എയ്ഡഡ് സ്‌കൂൾ.
















Comments