വൈദ്യശാസ്ത്രരംഗത്ത് സുപ്രധാന കാൽവെപ്പായേക്കാവുന്ന ഒരു പരീക്ഷണം അമേരിക്കയിൽ നടന്നിരിക്കുന്നു. ഹൃദ്രോഗിയായ മനുഷ്യന് പന്നിയുടെ ഹൃദയം മാറ്റിവെച്ചുള്ള ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ് ആധുനിക വൈദ്യശാസ്ത്രം.
അവയവ ദാനം വലിയ വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തിൽ മൃഗങ്ങളിൽ നിന്നും അവയവങ്ങൾ സ്വീകരിക്കാമെന്ന പരീക്ഷണം പൂർണ്ണവിജയം കണ്ടാൽ പുതുചരിത്രമാകും രചിക്കപ്പെടുക. രണ്ട് ദിവസത്തിനകം അത്യപൂർവ്വ ശസ്ത്രക്രിയയുടെ സമ്പൂർണ്ണ ഫലം പുറത്തുവിടുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരുന്നത്. അതിനായി കാത്തിരിക്കുകയാണ് ലോകവും.
പന്നിയുടെ ഹൃദയം മനുഷ്യനിൽവെച്ചു പിടിപ്പിച്ച അത്യപൂർവ്വ പരീക്ഷണം അമേരിക്കയിലെ മേരിലാൻഡ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ കഴിഞ്ഞ തിങ്കളാഴ്ച നടന്നത്. ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം 57 കാരനായ ഡേവിഡ് ബെനറ്റിന് വച്ച് പിടിപ്പിക്കുകയായിരുന്നു. ഹൃദ്രോഗിയായ ബെനറ്റ് ശസ്ത്രക്രിയയ്‌ക്ക് ശേഷം സുഖം പ്രാപിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചെങ്കിലും പരീക്ഷണത്തിന്റെ പൂർണവിജയ പ്രഖ്യാപനം നടത്താൻ രണ്ട് ദിവസം കൂടി കാത്തിരിക്കണം.
അവയവ ക്ഷാമം പരിഹരിക്കുന്നതിൽ നിർണ്ണായക ചുവടുവെപ്പാണിതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ഏഴ് മണിക്കൂർ നീണ്ട നിർണ്ണായകവും സങ്കീർണ്ണവുമായ ശസ്ത്രക്രിയ ആയിരുന്നു മേരിലാൻഡ് സർവ്വകലാശാലയിൽ നടന്നത്. ജനിതക മാറ്റം വരുത്തിയ മൃഗങ്ങളുടെ അവയവം മനുഷ്യരിലും പ്രവർത്തിക്കുമെന്ന് ശസ്ത്രക്രിയയിലൂടെ തെളിഞ്ഞതായി ഡോക്ടർമാർ അവകാശപ്പെട്ടു.
കടുത്ത ഹൃദ്രോഗവുമായാണ് ഡേവിഡിനെ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിക്കുന്നത്. വിദഗ്ദ പരിശോധനകൾക്ക് ശേഷം ഡോക്ടർമാർ വിധിയെഴുതി ഹൃദയം മാറ്റിവെക്കുക ഏക പോംവഴി.. മനുഷ്യ ഹൃദയത്തിനായി ദിവസങ്ങളോളം കാത്തുനിന്നിരുന്നു അദ്ധേഹത്തിന്റെ കുടുംബം.
പക്ഷേ നിരാശയായിരുന്നു ഫലം. മുന്നിൽ മറ്റ് വഴികളില്ലാതെ നിൽക്കുന്ന സമയത്താണ് പുതിയ പരീക്ഷണത്തിന് ഡേവിഡ് സമ്മതം മൂളുന്നത്. അങ്ങിനെ ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിക്കാൻ തയ്യാറായി. തന്റെ ശരീരത്തിൽ നടക്കുന്ന പരീക്ഷണം വിജയിക്കുമെന്ന് യാതൊരു ഉറപ്പും ബെനറ്റിനില്ലായിരുന്നു. ശസ്ത്രക്രയയ്‌ക്ക് ശേഷം വിദഗ്ദ ഡോക്ടർമാരുടെ നിതാന്ത നിരീക്ഷണത്തിൽ തന്നെ കഴിയുകയാണ് അദ്ദേഹം.
വൈദ്യശാസ്ത്ര രംഗത്ത് പുത്തൻ നേട്ടമാണ് ഞങ്ങൾക്ക് കൈവരിച്ചതെങ്കിലും അടുത്ത കുറച്ച് ആഴ്‌ച്ചകൾ വളരെ നിർണ്ണായകമാണെന്ന് പരീക്ഷണത്തിന് നേതൃത്വം നൽകിയ ഡോക്ടർ ബാഡ്ലി ഗ്രിഫ്ത്തിന്റെ പ്രതികരണം. ബെനറ്റന്റെ ആരോഗ്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും ഇതുവരെ ആരോഗ്യപരമായ പ്രശ്നങ്ങളില്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോ. ബാഡ്‌ലി വ്യക്തമാക്കി.
ശസ്ത്രക്രിയ പൂർണ്ണ വിജയത്തിലെത്തുകയാണെങ്കിൽ അവയവങ്ങൾക്കായി കാത്തിരിക്കുന്നവർക്ക് കൈതാങ്ങാവും ഈ നേട്ടം. പതിറ്റാണ്ടുകളായി നടക്കുന്ന പരീക്ഷണം വിജയത്തിലേക്കടുക്കുമ്പോൾ ഒരുപാട് രോഗികൾക്ക് നൽകുന്നത് പുതിയ ജീവിതത്തിനായുളള പ്രതീക്ഷകൾ ചിറക് മുളയ്‌ക്കുകയാണ്.
















Comments