സോവിയറ്റെന്നൊരു നാടുണ്ടത്രേ പോകാൻ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം എന്നായിരുന്നു പണ്ട് സോവിയറ്റ് ദാസന്മാരായ കമ്യൂണിസ്റ്റുകൾ പാടി നടന്നിരുന്നത്. ബഹുവർണത്തിൽ അച്ചടിച്ച റഷ്യൻ പ്രസിദ്ധീകരണമായ ‘സോവിയറ്റ് നാട്‘ നാടു മുഴുവൻ നടന്നു വിൽക്കലായിരുന്നു കമ്യൂണിസ്റ്റുകാരുടെ അന്നത്തെ പണി. ഇന്ത്യയിൽ സൂര്യനുദിച്ചുവെന്ന് ഒരു കമ്യൂണിസ്റ്റുകാരൻ പറയണമെങ്കിൽ അത് സോവിയറ്റ് യൂണിയനിലെ കമ്മിസാറന്മാർ സർട്ടിഫൈ ചെയ്യണമായിരുന്നു ഒരുകാലത്ത്. ഇന്ത്യൻ സ്വാതന്ത്യ്ര സമരത്തെപ്പോലും കമ്യൂണിസ്റ്റ് പാർട്ടി ഒറ്റിയതിനു പിന്നിൽ ഈ സോവിയറ്റ് ദാസ്യമായിരുന്നു.
സോവിയറ്റ് യൂണിയനേക്കാൾ ചുവപ്പ് ചൈനക്കാണെന്നായിരുന്നു മറ്റൊരു വിഭാഗം കമ്യൂണിസ്റ്റുകളുടെ അഭിപ്രായം. ചൈനീസ് പക്ഷപാതികളും റഷ്യൻ പക്ഷപാതികളും തമ്മിലുള്ള കിടമത്സരത്തിന്റെ ഫലമായിട്ടായിരുന്നു ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നതു പോലും. സോവിയറ്റ് പക്ഷപാതികൾ സിപിഐ ആയും ചൈനീസ് പക്ഷപാതികൾ സിപിഎമ്മായും മാറുകയാണുണ്ടായത്. അതായത് ഇന്ത്യൻ സാഹചര്യങ്ങൾ പോലുമായിരുന്നില്ല കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് വഴിതെളിച്ചത്.
ഇന്ത്യ- ചൈന യുദ്ധസമയത്ത് ചൈനയുടെ ഭാഗത്തായിരുന്നു കമ്യൂണിസ്റ്റ് പാർട്ടിയിലെ പ്രബല വിഭാഗം. കഴിയുന്നിടത്തോളം ഇന്ത്യൻ സൈന്യത്തെ ദ്രോഹിക്കാനും ചൈനീസ് പക്ഷപാതികൾ ശ്രമിച്ചു. ക്വിറ്റ് ഇന്ത്യ സമരകാലത്ത് ബ്രിട്ടനു വേണ്ടി പ്രവർത്തിച്ച് സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത അതേ പാർട്ടി നയം തന്നെയായിരുന്നു ഇന്ത്യ-ചൈന യുദ്ധത്തിലും സ്വീകരിച്ചത്. ചൈന ചൈനയുടേതെന്നും ഇന്ത്യ ഇന്ത്യയുടേതെന്നും പറയുന്ന കുപ്രസിദ്ധ ഡയലോഗ് ഇ.എം ശങ്കരൻ നമ്പൂതിരിപ്പാട് പുറത്തുവിട്ടതും ഇതേകാലത്തായിരുന്നു.
സോവിയറ്റ് യൂണിയൻ ഇങ്ങിനി വരാതവണ്ണം തകർന്നടിഞ്ഞപ്പോൾ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് പിന്നെ ആശയും ആവേശവും ചൈന മാത്രമായി. ഒളിഞ്ഞും തെളിഞ്ഞുമെല്ലാം ചൈനീസ് അപദാനങ്ങൾ പാടി നടക്കലായി മാർക്സിസ്റ്റുകാരുടെ പ്രധാന തൊഴിൽ. അരുണാചൽ പ്രദേശിനെ പിടിച്ചെടുക്കൽ പ്രധാന നയമാക്കിയ രാജ്യത്തെയാണ് സിപിഎം ഈ പിന്തുണയ്ക്കുന്നതെന്ന് നാമോർക്കണം. തരിമ്പും നാണമില്ലാതെ മാതൃരാജ്യത്തെ മാറ്റിവെച്ച് കമ്യൂണിസത്തിന്റെ കൊടി പാറുന്നു എന്നതുകൊണ്ട് മാത്രം ചൈനയെ അന്ധമായി പിന്തുണച്ചു പോരുകയായിരുന്നു സിപിഎം.
2020 ജൂണിൽ ഇന്ത്യൻ സൈനികരെ ചൈന ആക്രമിച്ചതിനു ശേഷമാണ് ഇന്ത്യ- ചൈന ബന്ധം സംഘർഷത്തിലേക്ക് വഴിമാറിയത്. അതുവരെ ഇന്ത്യയിൽ വിഘടനവാദികളെ സൃഷ്ടിച്ച് നിഴൽ യുദ്ധം നടത്തുകയായിരുന്നു ചൈന. ചുവപ്പ് ഇടനാഴിയിലെ കമ്യൂണിസ്റ്റ് ഭീകര പ്രവർത്തനത്തിനും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ വിഘടനവാദത്തിനും ആവോളം പിന്തുണ കൊടുത്തിരുന്നെങ്കിലും നേരിട്ടുള്ളൊരു സംഘർഷം നടന്നത് ഗാൽവനിലായിരുന്നു. ചൈനക്കെതിരെ ശക്തമായ നയതന്ത്ര നടപടികൾ ഇന്ത്യ സ്വീകരിച്ചതും ചൈന-പാകിസ്താൻ അച്ചുതണ്ടിനെ നേരിടാൻ ഇന്ത്യയുടെ പ്രതിരോധം ശക്തമാക്കാൻ തീരുമാനിച്ചതും ഇതിനു ശേഷമാണ്.
ഇത്തരമൊരു സാഹചര്യം നിലനിൽക്കുമ്പോഴാണ് ചൈനീസ് സ്തുതികളുമായി സിപിഎം മുന്നോട്ടു പോകുന്നത്. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ളയും ഉൾപ്പെടെയുള്ളവർ ചൈനീസ് സ്തുതികളുമായി അരങ്ങ് തകർക്കുകയാണ്. ചൈനയെ എതിർക്കുന്നവർ ലക്ഷ്യം വയ്ക്കുന്നത് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികളെയാണെന്നും അങ്ങനെയുള്ളവരെ ശക്തമായി നേരിടുമെന്നുമാണ് എസ്. രാമചന്ദ്രൻ പിള്ള കോട്ടയം ജില്ലാ സമ്മേളനത്തിൽ പറഞ്ഞത്.
എത്രത്തോളം രാജ്യവിരുദ്ധമായ പ്രസ്താവനയാണിത്. ഇന്ത്യയെ തകർക്കാൻ ഇന്ത്യയുടെ ബദ്ധശത്രുക്കളായ പാകിസ്താനൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന ഒരു രാജ്യത്തെയാണ് ഇങ്ങനെ പ്രകീർത്തിക്കുന്നത്. തരം കിട്ടിയാൽ ഇന്ത്യയെ തകർക്കണമെനാണ് ചൈനയുടെ ചിന്ത. ഏഷ്യൻ വൻകരയിൽ തങ്ങൾക്കൊപ്പം നിൽക്കുന്ന മറ്റൊരു ശക്തി ഉയർന്നു വരുന്നതിനെ എന്തു വിലകൊടുത്തും തടയാനാണ് അവരുടെ ശ്രമം. അതുകൊണ്ടാണ് സോഷ്യലിസ്റ്റായ ജോർജ്ജ് ഫെർണാണ്ടസ് ചൈനയാണ് നമ്മുടെ മുഖ്യശത്രുവെന്ന് ഒരിക്കൽ പറഞ്ഞത്. അന്ന് അതിനെതിരെ ഏറ്റവും കുരച്ചതും സിപിഎം തന്നെയായിരുന്നു.
ചൈനയ്ക്ക് പോലുമില്ലാത്ത അവകാശവാദമാണ് എസ് രാമചന്ദ്രൻ പിള്ള നടത്തുന്നത്. ലോകത്തേറ്റവും കൂടുതൽ വാക്സിൻ സൗജന്യമായി നൽകിയത് ചൈനയാണത്രെ. 116 രാജ്യങ്ങൾക്ക് ചൈന വാക്സിൻ സൗജന്യമായി നൽകിയത്രെ. കണക്കുകൾ നോക്കിയാൽ രാമചന്ദ്രൻ പിള്ള പറയുന്നത് പച്ചക്കള്ളമാണ്. ഏറ്റവും കൂടുതൽ വാക്സിൻ സൗജന്യമായി നൽകിയത് അമേരിക്കയാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു. മാത്രമല്ല ചൈന 116 രാജ്യങ്ങൾക്ക് വാക്സിൻ നൽകിയിട്ടുണ്ടെങ്കിലും അത് സൗജന്യമായല്ല. അങ്ങനെ നോക്കിയാൽ നൂറിനടുത്ത് രാജ്യങ്ങൾക്ക് ഇന്ത്യയും വാക്സിൻ നൽകിയിട്ടുണ്ട്. ഇന്നുവരെ ഒരു സിപിഎം നേതാവും ഇന്ത്യ വാക്സിൻ നൽകിയതോ മറ്റ് രാജ്യങ്ങളെ സഹായിച്ചതോ മിണ്ടിയിട്ടില്ല.
ചൈനക്കെതിരെ ക്വാഡ് സഖ്യമുണ്ടാക്കുന്നു, ചൈനയെ വളഞ്ഞ് ഒറ്റപ്പെടുത്തുന്നു തുടങ്ങിയ പരാതികളും രാമചന്ദ്രൻ പിള്ള മുന്നോട്ട് വച്ചിട്ടുണ്ട്. ഇന്ത്യയെ ആക്രമിക്കാൻ നടക്കുന്ന ചൈനക്കെതിരെ കിട്ടാവുന്ന സഖ്യത്തിൽ നിൽക്കുകയെന്നത് ബുദ്ധിപരമായ നീക്കമാണ്. അത് ഇന്ത്യയുടെ അവകാശവുമാണ്. രാജ്യത്തിന്റെ നന്മയാണോ അതോ ചൈനയുടെ നന്മയാണോ സിപിഎമ്മും രാമചന്ദ്രൻ പിള്ളയും ആഗ്രഹിക്കുന്നത് എന്ന ചോദ്യമാണ് ഇവിടെ ഉയരേണ്ടത്.
സ്വന്തം നിലയിൽ ഇന്ത്യ ഭരിക്കാൻ കഴിയുമെന്ന ചിന്ത സിപിഎം ഉപേക്ഷിച്ചിട്ട് കാലം കുറെയായി. ഉരുക്കു കോട്ടകളായിരുന്ന ബംഗാളും ത്രിപുരയും നഷ്ടമായി. കേരളത്തിലെ ജനങ്ങളെ പറ്റിച്ച് നേടിയെടുത്ത കനൽ ഒരു തരിമാത്രമാണ് ആകെയുള്ള സമ്പാദ്യം. ചൈന ഇന്ത്യയെ ആക്രമിച്ച് ജനാധിപത്യ സർക്കാരിനെ പുറന്തള്ളി ഇവിടെ ചെങ്കൊടി ഉയർത്തണമെന്നാണ് സിപിഎം ഇപ്പോൾ ആഗ്രഹിക്കുന്നത്. അതിനു വേണ്ടിയാണ് ഈ ചൈന പ്രകീർത്തനങ്ങൾ നടത്തുന്നത്. രാജ്യത്തെ സൈനികർ ചൈനക്കെതിരെ പോരാടാൻ തയ്യാറായി നിൽക്കുമ്പോൾ അവരുടെ പിറകിൽ നിന്ന് കുത്തുന്ന പണിയാണ് സിപിഎമ്മും അതിന്റെ നേതാക്കളും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.
ഇത്തരം രാജ്യവിരുദ്ധമായ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ ജനവികാരം ഉയർന്ന് വരേണ്ടതുണ്ട്. ശത്രു രാജ്യത്തിനൊപ്പം നിലയുറപ്പിക്കുന്നവരെ ശത്രുക്കളായി തന്നെയാണ് കാണേണ്ടത്. പുറത്തെ ശത്രുക്കൾക്കൊപ്പം ഇത്തരം ആഭ്യന്തര ഭീഷണികളേയും ഗൗരവത്തോടെ കാണുകയും നടപടി എടുക്കുകയും വേണം. രാജ്യദ്രോഹികൾക്കെതിരെ ജനകീയ പ്രതിരോധം തന്നെ ഉയർന്നുവരണം. മാതൃരാജ്യത്തെ തള്ളിപ്പറയുന്ന , പിന്നിൽ നിന്ന് കുത്തുന്ന ഒരു പ്രസ്ഥാനത്തെയും ഇവിടെ വാഴാൻ അനുവദിക്കരുത്. അത് രാജ്യസ്നേഹികളുടെ കടമ മാത്രമല്ല ഉത്തരവാദിത്വം കൂടിയാണ്.
















Comments