ആരാധനാലയങ്ങളിൽ ജനുവരി 18 വരെ പൊതുജനങ്ങൾക്ക് പ്രവേശനമില്ല; ഞായറാഴ്ച സമ്പൂർണ്ണ ലോക്ഡൗൺ; കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തമിഴ്‌നാട്

Published by
Janam Web Desk

ചെന്നൈ: കൊറോണയും വകഭേദമായ ഒമിക്രോൺ കേസുകളും വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിലെ ആരാധനാലയങ്ങളിൽ ഇന്ന് മുതൽ ജനുവരി 18 വരെ പൊതുജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗണും ഏർപ്പെടുത്തിയിട്ടുണ്ട്. അവശ്യ സേവനങ്ങൾ ലഭ്യമായിരിക്കും. പൊതുഗതാഗത സംവിധാനങ്ങളിൽ 75 ശതമാനം സീറ്റുകളിൽ മാത്രമായിരിക്കും ആളുകളെ അനുവദിക്കുന്നത്. ജനുവരി 31 വരെ നിയന്ത്രണങ്ങൾ തുടരും.

കൊറോണ മഹാമാരിക്ക് പിന്നാലെയെത്തിയ ഒമിക്രോണിനെ നേരിടാൻ സംസ്ഥാനം പൂർണ്ണ സജ്ജമാണെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വ്യക്തമാക്കി. ജനങ്ങളിൽ വാക്‌സിനേഷൻ നൽകുന്നത് പരമാവധി വേഗത്തിലാക്കിയിട്ടുണ്ട്. അർഹരായ 64 ശതമാനം പേരിലും വാക്‌സിനേഷൻ പൂർണമായി നൽകിക്കഴിഞ്ഞു. 15-18 പ്രായത്തിനിടയിലുള്ള 74 ശതമാനം കുട്ടികളിലും വാക്‌സിനേഷൻ പ്രക്രിയ പൂർത്തിയാക്കിയിട്ടുണ്ട്. ബൂസ്റ്റർ ഡോസ് നൽകാനുള്ള തീരുമാനത്തിനും ജനങ്ങൾക്കിടയിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 20,911 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കൊറോണ വ്യാപനം തടയുന്നതിനായി ജില്ലാ അടിസ്ഥാനത്തിൽ കൊറോണ കെയർ സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്. ആളുകളിൽ പരിശോധന നടത്തുന്നതും വർദ്ധിപ്പിച്ചു. ആവശ്യമായ ഓക്‌സിജൻ സംവിധാനങ്ങളും ഐസിയു ബെഡുകളും ഒരുക്കി ആശുപത്രികളും സജ്ജമാണ്. കൊറോണ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ജനങ്ങൾക്ക് കർശനമായ നിർദ്ദേശം നൽകിയിട്ടുണ്ട്. കൊറോണയെ തടയാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ചെയ്യുന്ന എല്ലാ പ്രതിരോധ നടപടികൾക്കും തമിഴ്‌നാടിന്റെ ഭാഗത്ത് നിന്ന് പൂർണ പിന്തുണ ഉണ്ടാകുമെന്നും സ്റ്റാലിൻ പറഞ്ഞു.

Share
Leave a Comment