ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തർപ്രദേശിൽ ബിജെപി നേതാക്കൾ പാർട്ടി വിടുന്നത് വലിയ കാര്യമല്ലെന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ. വലിയ ജനപിന്തുണയാണ് ബിജെപിയ്‌ക്കുള്ളത്. അതിനാൽ നേതാക്കളുടെ രാജി വലിയ കാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.
‘ഉത്തർപ്രദേശിലെ രാജി വലി കാര്യമല്ല. സംസ്ഥാനത്ത് എല്ലായിടത്തു നിന്നും ബിജെപിയ്‌ക്ക് പിന്തുണ ലഭിക്കുന്നുണ്ട്. ജനങ്ങളുടെ അനുഗ്രഹം എന്നും ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്. ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിലും സർക്കാർ രൂപീകരിക്കുന്നതിൽ ബിജെപി വിജയിക്കും’ നരേന്ദ്ര സിംഗ് തോമർ പറഞ്ഞു.
രാജസ്ഥാനിലെ അൽവാർ പീഡനത്തിൽ കോൺഗ്രസിനെതിരേയും തോമർ പ്രതികരിച്ചു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം സംഭവങ്ങൾ തുടർച്ചയായി ഉണ്ടാകാൻ കാരണം ക്രമസമാധാനം നിലനിർത്തുന്നതിൽ വീഴ്‌ച്ച വരുത്തിയതിനാലാണ്. രാഷ്‌ട്രീയ പാർട്ടികളിലെ നേതാക്കൾ സ്വാർത്ഥരാകുമ്പോൾ പാവപ്പെട്ട ജനങ്ങളെ സംരക്ഷിക്കുന്നതിൽ അവർ പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥിനികളെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയും ഇത് മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്ത കേസാണ് അൽവാർ പീഡനക്കേസ്. സംഭവത്തിൽ അദ്ധ്യാപകർക്കെതിരെ കേസെടുത്തിരുന്നു. സ്‌കൂൾ പ്രിൻസിപ്പൽ അടക്കം ഒൻപത് അദ്ധ്യാപകരാണ് ക്രൂരമായ പീഡനം നടത്തിയത്. വിദ്യാർത്ഥിനികളുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments