ചവറ: ആറുമാസം മുൻപ് വിവാഹിതയായ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചവറ തോട്ടിന് വടക്ക് കോട്ടയിൽ വടക്കേതിൽ ശ്യാംലാൽ(25) ആണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണാ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ബുധനാഴ്ച രാവിലെ 11 മണിയ്‌ക്കാണ് ശ്യാംലാലിന്റെ ഭാര്യ സ്വാതിശ്രീയെ(22) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തേവലക്കര പാലയ്‌ക്കൽ തോട്ടുകര വീട്ടിൽ ടി.സി.രാജേഷിന്റേയും ബീനയുടേയും മകളാണ്.
സംഭവസമയത്ത് ശ്യാംലാൽ അച്ഛനോടൊപ്പം തിരുവനന്തപുരത്ത് ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. സ്വാതിശ്രീയെ ശ്യാംലാൽ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയ്‌ക്കുള്ള പെട്ടന്നുണ്ടായ പ്രകോപനമെന്നാണ് പോലീസ് പറയുന്നത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ എക്‌സിക്യൂട്ടീവായ ശ്യാംലാലുമായി പ്രണയത്തിലായിരുന്ന സ്വാതി 2021ൽ വീടുവിട്ടിറങ്ങുകയും ഇയാളെ വിവാഹം ചെയ്യുകയുമായിരുന്നു.
വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽ തന്നെ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഭർത്താവിന് മറ്റ് സ്ത്രീകളുമായും ബന്ധമുണ്ടെന്ന് ഇവർ മനസിലാക്കിയിരുന്നു. മൊബൈൽ ഫോണിൽ നിന്നും മറ്റുമായി സ്വാതിക്ക് ഇതിന്റെ വിവരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ തിരികെ വീട്ടിലേക്ക് പോകാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു സ്വാതി.
സ്വാതിയും ശ്യാംലാലും തമ്മിൽ അവസാനമായി നടത്തിയ സംഭാഷണം യുവതി ഫോണിൽ റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിരുന്നു. ശ്യാംലാൽ യുവതിക്കെതിരെ വധഭീഷണി മുഴക്കുന്ന സംഭാഷണമാണിത്. ഇത് തുടരന്വേഷണത്തിൽ നിർണായക തെളിവാകും. മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തുന്നത്.
Comments