ന്യൂഡൽഹി: രാജ്യത്ത് കൊറോണ വ്യാപനം അതിരൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് റാലികൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീട്ടി. നിയന്ത്രണം ജനുവരി 22 വരെ തുടരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലാണ് വിലക്കുള്ളത്. ഇവിടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റാലികൾ, റോഡ്‌ഷോകൾ, പദയാത്രകൾ എന്നിവ നടത്തരുതെന്നാണ് നിർദേശം. ജനുവരി എട്ടിനായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യം വിലക്ക് പ്രഖ്യാപിച്ചിരുന്നത്. 15 വരെയായിരുന്നു നിയന്ത്രണം. എന്നാൽ വൈറസ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്താത്ത പശ്ചാത്തലത്തിൽ വിലക്ക് 22 വരേക്ക് നീട്ടുകയായിരുന്നു.
അതേസമയം ഇൻഡോർ മീറ്റിങ്ങുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് രേഖപ്പെടുത്തിയിട്ടുണ്ട്. പരമാവധി 300 പേരെ ഹാളുകളിൽ സംഘടിപ്പിക്കുന്ന യോഗത്തിൽ ഉൾപ്പെടുത്താം. എന്നാൽ യോഗം നടത്തുന്ന ഹാളിന്റെ 50 ശതമാനം സിറ്റിങ് കപ്പാസിറ്റിയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം നിലനിർത്തണമെന്ന പ്രോട്ടോക്കോളിന് മാറ്റമില്ല.
ഉത്തർപ്രദേശിൽ ഫെബ്രുവരി 10നാണ് തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. ഏഴ് ഘട്ടമായി വോട്ടെടുപ്പ് നടക്കും. രണ്ട് ഘട്ടമായാണ് മണിപ്പൂരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 27ന് ആരംഭിക്കും. പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഒറ്റ ഘട്ടമായി നടക്കുന്ന വോട്ടെടുപ്പ് ഫെബ്രുവരി 14നാണ് നടക്കുക.
















Comments