ലക്‌നൗ : ഉത്തർപ്രദേശിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൊവ്വാഴ്ച ബിജെപി നേതാക്കളുമായി അദ്ദേഹം സംവദിക്കും. സ്വന്തം മണ്ഡലമായ വരണാസിയിലെ ബിജെപി പ്രവർത്തകരോടാണ് അദ്ദേഹം സംസാരിക്കുക.
കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നേരിട്ടുള്ള സംവാദം ഒഴിവാക്കിയിയിട്ടുണ്ട്. പകരം വെർച്വലായിട്ടാകും അദ്ദേഹം ബിജെപി പ്രവർത്തകരോട് സംസാരിക്കുക. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ബിജെപി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. നമോ ആപ്പുവഴി നിർദ്ദേശങ്ങൾ നൽകാനും പ്രവർത്തർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൊറോണ പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഈ മാസം 22 വരെ റാലികൾക്കും, റോഡ് ഷോകൾക്കും വിലക്കുണ്ട്. നിശ്ചിത എണ്ണം ആളുകളെ പങ്കെടുപ്പിച്ച് മാത്രമേ തെരഞ്ഞെടുപ്പ് യോഗങ്ങൾ നടത്താൻ പാടുള്ളൂവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശമുണ്ട്.
തെരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ആദ്യത്തെ രാഷ്‌ട്രീയ പരിപാടിയാണ് നടക്കാനിരിക്കുന്നത്. വരണാസിയിലെ മാത്രമല്ല സംസ്ഥാനത്തെ മുഴുവൻ ബിജെപിയുടെ പ്രവർത്തനങ്ങൾക്കും ഇത് ഊർജ്ജം പകരും.
















Comments