തിരുവനന്തപുരം : സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാറശ്ശാല ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച തിരുവാതിരയുടെ ഗാനം തയ്യാറാക്കിയത് ആർഎസ്എസ് അനുഭാവിയെന്ന് സാഹിത്യകാരൻ അശോകൻ ചരുവിൽ. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം തന്റെ കണ്ടെത്തൽ അവതരിപ്പിച്ചിരിക്കുന്നത്. തിരുവാതിര അവിവേകമായതിന്റെ കാരണങ്ങളിൽ ഒന്ന് ഇതാണെന്നും അശോകൻ ചരുവിൽ പറയുന്നു.
‘തിരുവാതിരക്കളിയും പുരോഗമനപ്രസ്ഥാനങ്ങളും ‘എന്ന പേരിലാണ് തിരുവാതിര എന്ന കലാരൂപം സിപിഎം സംഘടിപ്പിച്ചപ്പോൾ എന്തുകൊണ്ട് അവിവേകമായിപ്പോയെന്ന് അദ്ദേഹം വ്യക്തമാകുന്നത്. സി.പി.ഐ.എമ്മിന്റെ ജില്ലാസമ്മേളനത്തോടനുബന്ധിച്ച് പാറശ്ശാലയിലെ പ്രാദേശിക സംഘാടകസമിതി സംഘടിപ്പിച്ച തിരുവാതിരക്കളി അവതരണം അവിവേകമായത് മൂന്ന് കാര്യങ്ങൾ കൊണ്ടാണെന്ന് അശോകൻ ചരുവിൽ പറയുന്നു. ഒന്ന് ഇടുക്കിയിലെ കോളേജിൽ കടന്ന് യൂത്ത് കോൺഗ്രസ്സുകാർ കൊലചെയ്ത സഖാവ് ധീരജിന്റെ ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നടക്കുന്ന സമയമായിരുന്നു അത്.
രണ്ട് കൊറോണ പടരുന്ന സാഹചര്യത്തിൽ 500 പേരെ പങ്കെടുപ്പിച്ച് നടത്തിയത് ശരിയല്ല. മൂന്ന് അത്യന്തം വികലമായ ഒരു സാഹിത്യമാണ് അതിന് ഉപയോഗിക്കപ്പെട്ടത്. ആർ.എസ്.എസ്.അനുഭാവിയായ ഒരാളെ ആ കലാപരിപാടി ചിട്ടപ്പെടുത്താൻ ഏൽപ്പിച്ചത് എന്തുകൊണ്ട് എന്ന് പരിശോധിക്കേണ്ടതാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ സാഹിത്യകാരൻ പറയുന്നു. ഫ്യൂഡൽ കാലത്തിന്റെ സംഭാവനയാകയാൽ തിരുവാതിര എന്ന കലാരൂപത്തെ പുരോഗമനജനാധിപത്യവേദികളിൽ അവതരിപ്പിച്ചു കൂടാ എന്ന വിമർശനത്തോട് യോജിക്കാനാവില്ലെന്നും സാഹിത്യകാരൻ രോഷം കൊള്ളുന്നുണ്ട്.
പൂവരണി കെ.വി.പി നമ്പൂതിരിയാണ് സിപിഎം തിരുവാതിരയുടെ ഗാനരചയിതാവ്. സിപിഎം അനുഭാവിയുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ് കെവിപി നമ്പൂതിരി. സുഹൃത്തായ സിപിഎം ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ ആവശ്യപ്രകാരമാണ് പാട്ട് എഴുതിയതെന്ന് വിവാദങ്ങൾക്ക് പിന്നാലെ അദ്ദേഹം തന്നെ പറഞ്ഞിരുന്നു.
















Comments