ന്യൂഡല്‍ഹി: കൗമാരക്കാര്‍ക്ക് കൊവാക്‌സിന്‍ ഉറപ്പുവരുത്തണമെന്ന് ഭാരത് ബയോടെക്. അംഗീകാരമില്ലാത്ത വാക്‌സിന്‍ നല്‍കുന്നത് ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ് നിര്‍ദ്ദേശം. 15 മുതല്‍ 18 വരെ പ്രായമുള്ള കൗമാരക്കാര്‍ക്ക് കൊവാക്‌സിന്‍ ഉറപ്പുവരുത്തണമെന്ന് ആരോഗ്യപ്രവര്‍ത്തകരോട് ഭാരത് ബയോടെക് അഭ്യര്‍ത്ഥിച്ചു. അംഗീകാരമില്ലാത്ത വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച് ഒട്ടേറെ പരാതികളാണ് വിവിധ ഭാഗങ്ങളില്‍ നിന്നും കിട്ടുന്നത്. അതിനാല്‍ ഇക്കാര്യത്തില്‍ ജാഗ്രതപുലര്‍ത്തുന്നത് തുടരണം. കൗമാരക്കാര്‍ക്ക് കൊവാക്‌സിനാണ് നല്‍കുന്നത് എന്നകാര്യം ഉറപ്പാക്കണം.
കൊവാക്‌സിന്‍ മാത്രമാണ് കുട്ടികള്‍ക്ക് നല്‍കാന്‍ ഇന്ത്യഅംഗീകാരം നല്‍കിയ ഏക വാക്‌സിന്‍. ഒട്ടേറെ പരീക്ഷണനിരീക്ഷണങ്ങള്‍ക്കുശേഷം ഗുണനിലവാരവും സുരക്ഷയും പ്രതിരോധശേഷിയും ഉറപ്പുവരുത്തിയിട്ടാണ് അംഗീകാരം നല്‍കിയതെന്നും ഭാരത്ബയോടെക് അറിയിച്ചു. രണ്ടു മുതല്‍ 18 വരെ വയസ്സുപ്രായമായവര്‍ക്ക് ഏറെ പ്രയോജനകരമായ കൊവാക്‌സിന്‍ മാത്രമാണ് കുട്ടികള്‍ക്കായി ഇന്ത്യഅംഗീകാരം നല്‍കിയ കൊറോണയ്‌ക്കുള്ള ഏകവാക്‌സിനെന്നും ഭാരത് ബയോടെക് അറിയിച്ചു.
ജനുവരി മൂന്നു മുതല്‍, 15 മുതല്‍ 18 വരെ പ്രായക്കാരായ കൗമാരക്കാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്ന നടപടി ആരംഭിച്ചു. ഇതുവരെയായി 3.71 കോടി കൗമാരക്കാര്‍ക്ക് കുത്തിവയ്പ് നടത്തി. ഈ പ്രായപരിധിയിലുള്ള അന്‍പത് ശതമാനം പേര്‍ക്ക് ആദ്യഡോസ് കൊവാക്‌സിന്‍ കുത്തിവയ്പ് നടത്തിയതായി ആരോഗ്യമന്ത്രി മന്‍സുക മാന്‍ഡവ്യ പറഞ്ഞു. ഫെബ്രുവരി അവസാനത്തോടെ 12 മുതല്‍ 14 വരെ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു. യുവാക്കള്‍ക്കിടയില്‍ ആശ്ചര്യപ്പെടുത്തുന്ന ഉത്സാഹമാണ് വാക്‌സിനേഷന്‍ എടുക്കുന്ന കാര്യത്തില്‍ ഉള്ളത്. വാക്‌സിന്‍ എടുത്ത മുഴുവന്‍ യുവാക്കള്‍ക്കും മന്ത്രി ആശംസയും അറിയിച്ചു.
















Comments