പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ പ്രമാടത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഘടനയ്ക്കുള്ളിൽ നിൽക്കുന്ന പ്രശ്നങ്ങളാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പ്രമാടം മേഖല പ്രസിഡന്റും ബ്ലോക്ക് കമ്മിറ്റിയംഗവുമായ ആർ.ജി.അനൂപ്, കോട്ടയം സ്വദേശി ജിഷ്ണു എന്നിവർക്ക് സാരമായി പരിക്കേറ്റു. ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജിഷ്ണുവിന് തലയ്ക്കാണ് പരിക്കേറ്റത്. ഇയാൾ കോട്ടയം മെഡിക്കൽ കോളേജിൽ ഐസിയുവിലാണ്. ആക്രമണത്തിൽ വെട്ടേറ്റ അനൂപ് കോന്നി താലൂക്ക് താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.
മൂന്ന് മാസങ്ങൾക്ക് മുൻപും ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ജിബിൻ ജോർജ്ജിനൊപ്പം പോകുമ്പോൾ ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചുവെന്നാണ് അനൂപിന്റെ മൊഴി. എന്നാൽ ജിഷ്ണുവിനാണ് ആദ്യം മർദ്ദനമേറ്റതെന്നാണ് മറുഭാഗത്തിന്റെ വാദം.
മൂന്ന് മാസങ്ങൾക്ക് മുൻപ് വീട്ടിൽ കയറി പെൺകുട്ടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. അന്ന് ജിഷ്ണുവാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് മർദ്ദനമേറ്റവർ പറഞ്ഞിരുന്നു. പിന്നീട് പാർട്ടി നേതാക്കൾ ഇടപെട്ട് പ്രശ്നം ഒതുക്കുകയായിരുന്നുവെന്നും നാട്ടുകാർ ആരോപിക്കുന്നു.
Comments