പനാജി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആംആദ്മി. പാർട്ടി അഭിഭാഷകനും സാമൂഹ്യപ്രവർത്തകനുമായ അമിത് പലേക്കറാണ് ആംആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് പാർട്ടിയുടെ ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ പ്രഖ്യാപിച്ചു.
താൻ അധികാരത്തിലെത്തിയാൽ എല്ലാ വാഗ്ദാനവും പാലിക്കുമെന്നും അതിന് താൻ ഗ്യാരണ്ടിയാണെന്നും അമിത് പലേക്കർ പറഞ്ഞു. ഗോവയിലെ 40 സീറ്റുകളിലും പാർട്ടി മത്സരിക്കുമെന്നും കെജ്‌രിവാൾ വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറിലാണ് പാലേക്കർ എഎപിയിൽ ചേർന്നത്. 46കാരനായ അദ്ദേഹം നിലവിൽ ബിജെപി പ്രതിനിധീകരിക്കുന്ന സെൻറ് ക്രൂസ് നിയോജക മണ്ഡലത്തിൽ നിന്നുള്ള എഎപി സ്ഥാനാർഥിയാണ്.
ഇന്നലെ പഞ്ചാബിൽ ആംആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഭഗവന്ദ് മാനെ പ്രഖ്യാപിച്ചിരുന്നു. 2017ലെ തിരഞ്ഞെടുപ്പിൽ ഗോവയിൽ ഒരു സീറ്റും നേടാൻ കഴിയാതെ പോയ പാർട്ടിയാണ് ആംആദ്മി. ഇത്തവണ ഭാഗ്യപരീക്ഷണത്തിന് വീണ്ടുമൊരുങ്ങുന്ന പാർട്ടിയും നേതാക്കളും സംസ്ഥാനത്തെ സാന്നിധ്യമറിയിക്കാൻ നിരന്തരമായി ഗോവ സന്ദർശനം നടത്തുകയാണ്.
















Comments