തിരുവനന്തപുരം : ആര്യങ്കോട് പോലീസ് സ്റ്റേഷന് നേരെ ബോംബ് ആക്രമണം നടത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. 19 കാരനായ അനന്ദു, 18കാരനായ നിതിൻ എന്നിവരാണ് പിടിയിലായത്. ഇന്നലെയായിരുന്നു ഇവർ പോലീസ് സ്റ്റേഷന് നേരെ ബോംബ് എറിഞ്ഞത്.
ബൈക്കിലെത്തിയായിരുന്നു ഇവർ പോലീസ് സ്റ്റേഷന് നേരെ ആക്രമണം നടത്തിയത്. വാഹനത്തിൽ പോലീസ് സ്റ്റേഷന് മുൻപിൽ എത്തിയ ഇവർ കയ്യിൽ കരുതിയിരുന്ന പെട്രോൾ ബോംബുകൾ എറിയുകയായിരുന്നു. സംഭവ സമയം നിരവധി പരാതിക്കാരും, പോലീസുകാരും സ്റ്റേഷനിൽ ഉണ്ടായിരുന്നു.
ആര്യങ്കോട് പഞ്ചായത്തിൽ കഞ്ചാവ് വിൽപ്പന സംഘങ്ങൾ വ്യാപകമാകുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധയിടങ്ങളിൽ പരിശോധനയും നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആക്രമണം ഉണ്ടായത്. കഞ്ചാവ് സംഘങ്ങളിൽപ്പെട്ടവരാണ് ഇരുവരുമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾക്കായി പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.
Comments