ചെന്നൈ : ബാഡ്മിന്റൻ താരം സൈന നെഹ്‌വാളിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയ കേസിൽ നടൻ സിദ്ധാർത്ഥിന് സമൻസ് അയച്ച് പോലീസ്. ഹാജരാകാൻ ആവശ്യപ്പെട്ട് ചെന്നൈ പോലീസാണ് സമൻസ് നൽകിയിരിക്കുന്നത്. സംഭവത്തിൽ രണ്ട് കേസുകളാണ് ചെന്നൈ പോലീസിന് ലഭിച്ചിരിക്കുന്നത്.
വിവരങ്ങൾ ആരായുന്നതിന് വേണ്ടിയാണ് സമൻസ് അയച്ചതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. കൊറോണ സാഹചര്യം കണക്കിലെടുത്താണ് സമൻസ് നൽകാൻ വൈകിയത്. അദ്ദേഹത്തിന്റെ മൊഴി എങ്ങിനെ രേഖപ്പെടുത്തുമെന്ന് ആലോചിക്കുകയായിരുന്നു. ഇതിന് ശേഷമാണ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കാൻ തീരുമാനിച്ചതെന്നും പോലീസ് വ്യക്തമാക്കി.
ട്വിറ്ററിലൂടെയാണ് സിദ്ധാർത്ഥ് സൈന നെഹ്‌വാളിനെതിരെ ലൈംഗിക അധിക്ഷേപം നടത്തിയത്. പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തെ അപലപിച്ച് സൈന ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് സിദ്ധാർത്ഥ് ലൈംഗിക അധിക്ഷേപം നടത്തിയത്. ബാഡ്മിന്റൻ കോക്കിനെ പുരുഷന്റെ ലൈംഗിക അവയവത്തോട് സാമ്യപ്പെടുത്തിയായിരുന്നു സിദ്ധാർത്ഥിന്റെ പ്രതികരണം.
സംഭവത്തിൽ ഹൈദരാബാദ് സൈബർ ക്രൈം പോലീസിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യൻ ശി്ക്ഷാ നിയമത്തിലെ 509, ഐടി നിയമത്തിലെ 67 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
















Comments