തിരുവനന്തപുരം : അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ചർച്ചയായ സിനിമയാണ് മേപ്പടിയാൻ. നായകനും സിനിമയും പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയമാണ് ഏറെ ചർച്ചയായത്. ഇതിനിടെ സിനിമയ്ക്ക് ആശംസ അറിയിച്ചുകൊണ്ടുള്ള മഞ്ജുവാര്യരുടെ പോസ്റ്റും പിന്നീട് അത് അപ്രത്യക്ഷമായതും വലിയ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. ഇപ്പോൾ അതിൽ സംഭവിച്ചതെന്തെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ.
ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം. ആശംസ അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് വിമർശനങ്ങൾ ഭയന്ന് പിൻവലിച്ചതല്ലെന്നും, ഒരാഴ്ച കഴിഞ്ഞാൽ പോസ്റ്റ് ഡിലീറ്റ് ചെയ്യുമെന്ന് മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ ടീം മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ഫേസ്ബുക്ക് പേജിലെ പോസ്റ്റ് കാണാതായതിന് പിന്നാലെ മഞ്ജു വാര്യർക്കെതിരെ വലിയ വിമർശനമായിരുന്നു ഉയർന്നിരുന്നത്. മതമൗലികവാദികളെ ഭയന്ന് പോസ്റ്റ് മുക്കിയെന്നായിരുന്നു ഉയർന്ന പ്രധാന വിമർശനം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
ഹലോ സുഹൃത്തുക്കളെ,
മേപ്പടിയാൻ എന്ന എന്റെ സിനിമയുടെ പ്രചരണാർത്ഥം മഞ്ജു ചേച്ചി പങ്കുവെച്ച ഒരു സൗഹാർദപരമായ പോസ്റ്റുമായി ബന്ധപ്പെട്ട് അനാവശ്യ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇത്തരത്തിലുള്ള ഏതെങ്കിലും റിലീസ് പോസ്റ്റുകൾ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്ന് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ ടീം മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.
അതിനാൽ ഞങ്ങൾ ഇവിടെ ഒരു പ്രശ്നവും കാണുന്നില്ല. പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുർബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും ഇവിടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Comments