ന്യൂഡൽഹി: കെറോണയുടെ മൂന്നാം തരംഗത്തിൽ രോഗം ബാധിച്ച് മരിക്കുന്ന 60 ശതമാനം ആളുകളും വാക്‌സിനെടുക്കാത്തവരെന്ന് പഠനം. കൊറോണ പ്രതിരോധ വാക്‌സിന്റെ ഒറ്റ ഡോസ് മാത്രം എടുത്തവരോ യാതൊരു വാക്‌സിനും സ്വീകരിക്കാത്തവരോ ആയ വ്യക്തികളാണ് മഹാമാരി ബാധിച്ച് മരിച്ചിരിക്കുന്നതെന്നാണ് കണ്ടെത്തൽ. ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രി നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
ഇതുകൂടാതെ മരിച്ചവരിൽ ഭൂരിഭാഗം ആളുകളും 70 വയസിന് മുകളിലുള്ളവരാണ്. അതും ഗുരുതരമായ രോഗങ്ങളുള്ള പ്രായമേറിയവരാണ് മഹാമാരിക്ക് കീഴടങ്ങുന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങൾ ബാധിച്ചവർ, വൃക്ക തകരാറിലായവർ, പ്രമേഹരോഗികൾ, കാൻസർ ബാധിച്ചവർ എന്നിവരാണിത്. ഡൽഹിയിൽ കൊറോണ ബാധിച്ച് മരിക്കുന്നവരിൽ ഭൂരിഭാഗം ആളുകളും പ്രതിരോധ ശേഷി കുറവുള്ളവരോ ഗുരുതര രോഗമുള്ളവരോ ആണെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഡൽഹിയിൽ 10,756 പേർക്കാണ് പുതിയതായി രോഗം ബാധിച്ചിരിക്കുന്നത്. 38 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൂന്നാം തരംഗം ആരംഭിച്ചതിന് പിന്നാലെ രാജ്യതലസ്ഥാനത്ത് കൊറോണ കേസുകൾ കുതിച്ചുയർന്നിരുന്നു. പ്രതിദിന രോഗികളുടെ എണ്ണം ഏറ്റവും ഉയർന്ന നിലയിലെത്തിയ ശേഷം ഇപ്പോൾ ഡൽഹിയിൽ ടിപിആർ കുറഞ്ഞുവരുന്ന സാഹചര്യമാണുള്ളത്. നിലവിൽ 18.04 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
















Comments