അഹമ്മദാബാദ് : പക്ഷാഘാതം ബാധിച്ച് മസ്തിഷ്‌ക മരണം സംഭവിച്ച 67കാരന്റെ കൈകൾ ഉൾപ്പെടെയുള്ള അവയവങ്ങൾ ദാനം ചെയ്തു . സൂറത്ത് സ്വദേശിയായ കനു വശ്രംഭായ് പട്ടേൽ (67) ആണ് മരണാനന്തരവും സഹജീവികൾക്ക് തുണയായത് .
ജനുവരി 18 നാണ് അദ്ദേഹത്തിന് പക്ഷാഘാതം ഉണ്ടായത് . ഉടൻ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. സിടി സ്കാനിംഗിൽ തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തി . അത് പിന്നീട് ശസ്ത്രക്രിയ നടത്തി നീക്കം ചെയ്തു.
എന്നാൽ കഴിഞ്ഞ ദിവസം പട്ടേലിന് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. അവയവദാനത്തിനായി രോഗിയുടെ കുടുംബാംഗങ്ങളെ ഡൊണേറ്റ് ലൈഫ് സന്നദ്ധപ്രവർത്തകരുടെ ഒരു സംഘം ബന്ധപ്പെട്ടു . അവയവങ്ങൾ ദാനം ചെയ്യുന്നതിനെ കുറിച്ച് അവരെ അറിയിക്കുകയും ചെയ്തു.
തുടർന്ന് ഇരു കൈകൾ, വൃക്കകൾ, കരൾ, കോർണിയ എന്നിവ ദാനം ചെയ്യാൻ കുടുംബം സമ്മതം അറിയിച്ചു . ആറ് മുതൽ എട്ട് മണിക്കൂറിനുള്ളിൽ കൈ മാറ്റിവയ്‌ക്കണം .അല്ലെങ്കിൽ അവയവത്തിന്റെ പ്രവർത്തനം നിലയ്‌ക്കും. അതിനായി പോലീസ് പ്രത്യേക മാർഗം ഒരുക്കി . സൂറത്തിലെ ഹോസ്പിറ്റലിൽ നിന്ന് മുംബൈയിലെ ഗ്ലോബൽ ഹോസ്പിറ്റലിലേക്ക് 75 മിനിറ്റിനുള്ളിൽ 292 കിലോമീറ്റർ താണ്ടിയാണ് കൈകൾ എത്തിച്ചത്. മഹാരാഷ്‌ട്രയിലെ ബുൽധാന സ്വദേശിനിയായ 35കാരിക്കാണ് കൈകൾ മാറ്റിവെച്ചത്. മൂന്ന് വർഷം മുമ്പ് വൈദ്യുതാഘാതമേറ്റാണ് യുവതിയുടെ രണ്ട് കൈകളും നഷ്ടപ്പെട്ടത്.ഇന്ത്യയിൽ ഇതുവരെ 20 കൈമാറ്റി വയ്‌ക്കൽ ശസ്ത്രക്രിയകൾ നടന്നിട്ടുണ്ട്.
















Comments