ന്യൂയോർക്ക്: പ്രശസ്ത എഴുത്തുകാരൻ ശന്തനു ഗുപ്ത രചിച്ച യോഗി ആദിത്യനാഥിനെ കുറിച്ചുളള പുസ്തകം അമേരിക്കയിലും. യുപി മുഖ്യമന്ത്രിയെ കുറിച്ച് രണ്ട് ശീർഷകങ്ങളിൽ പുസ്തകങ്ങൾ രചിച്ച എഴുത്തുകാരൻ ആണ് ശന്തനു ഗുപ്ത. ന്യൂയോർക്കിൽ നിന്നും ന്യൂജേഴ്സിയിൽ നിന്നും ഈ ആഴ്ച അമേരിക്കയിൽ മൾട്ടി സിറ്റി ബുക്ക് ടൂർ ആരംഭിക്കും. സന്ദർശനവേളയിൽ ശന്തനു ഗുപ്ത അമേരിക്കയിലെ പ്രവാസികൾ സംഘടിപ്പിക്കുന്ന ഒന്നിലധികം പരിപാടികളിൽ പങ്കെടുക്കുകയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെക്കുറിച്ചുള്ള തന്റെ രണ്ട് പുസ്തകങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കും. The monk who transformed uttarpradesh(ഉത്തർപ്രദേശിനെ രൂപാന്തരപ്പെടുത്തിയ സന്യാസി), The monk who became chiefminister(മുഖ്യമന്ത്രിയായ സന്യാസി)എന്നീ ശീർഷകങ്ങളിലാണ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ആത്മീയ സംഘടനയായ ഓം ക്രിയ യോഗും വേൾഡ് എൻആർഐ അസോസിയേഷനും മറ്റ് നിരവധി ഇന്ത്യൻ സംഘടനകളും ചേർന്ന് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ നഗരങ്ങളിൽ പുസ്തക ചർച്ച സംഘടിപ്പിക്കും. നോർത്ത് കരോലിന, ചിക്കാഗോ, അറ്റ്‌ലാന്റ, ഡാളസ്, ഹ്യൂസ്റ്റൺ, ലോസ് ആഞ്ചലസ്, സാൻ ഡിയാഗോ, സാൻ ഫ്രാൻസിസ്‌കോ എന്നിവിടങ്ങളിലും പരിപാടികൾ സംഘടിപ്പിക്കും. കമ്മ്യൂണിറ്റി സെന്ററുകൾ, ക്ഷേത്രങ്ങൾ, സർവ്വകലാശാലകൾ, മീഡിയ സ്റ്റുഡിയോകൾ, നഗര ലൈബ്രറികൾ എന്നിവിടങ്ങളിൽ നടക്കുന്ന പരിപാടികളിൽ താൻ പങ്കെടുക്കുമെന്നും അമേരിക്കയിലെ ഇന്ത്യൻ പ്രവാസികളിൽ നിന്നുള്ള നിരവധി ബുദ്ധിജീവികളെ കാണുമെന്നും ശാന്തനു വ്യക്തമാക്കി.
വരാനിരിക്കുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പല പ്രവാസി ഇന്ത്യക്കാരും ജിജ്ഞാസയുള്ളവരാണെന്നും സന്യാസിയായ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കീഴിൽ ഉത്തർപ്രദേശിന്റെ വളർച്ചയുടെ കഥ അറിയാൻ ആഗ്രഹിക്കുന്നുണ്ടെന്നും എഴുത്തുകാരൻ പറഞ്ഞു. വികസനമെത്താത്തിരുന്ന യുപിയെ സന്യാസിയായ യോഗി ആദിത്യനാഥ് എങ്ങനെ പരിവർത്തനപ്പെടുത്തിയെന്നാണ് പുസ്തകം വിവരിക്കുന്നത്. 45 കേന്ദ്രസർക്കാർ പദ്ധതികൾ നടപ്പാക്കുന്നതിൽ ഒന്നാം സ്ഥാനത്തും, ജിഎസ്ഡിപിയിൽ രണ്ടാം സ്ഥാനത്തും, ബിസിനസ് ചെയ്യാൻ എളുപ്പമുള്ള കാര്യങ്ങളിൽ രണ്ടാം സ്ഥാനത്തുമുള്ള സംസ്ഥാനമായി യുപിയെ മാറ്റി.
ഡിസംബറിൽ ആണ് പുസ്തകമായ ‘ദ മോങ്ക് ഹു ട്രാൻസ്‌ഫോംഡ് ഉത്തർപ്രദേശ്’ പ്രകാശനം ചെയ്തത്. യൂറോപ്പിലെയും ഓസ്ട്രേലിയയിലെയും ഇന്ത്യൻ പ്രവാസികൾക്കായി തന്റെ പുസ്തകത്തിന്റെ രണ്ട് വലിയ ഓൺലൈൻ ലോഞ്ചുകൾ നടത്തിയതായി ശന്തനു പറഞ്ഞു. യൂറോപ്പിലെ 13 നഗരങ്ങളിലെ പ്രവാസികൾക്കായി ബിജെപിയുടെ വിദേശ സുഹൃത്തുക്കൾ സംഘടിപ്പിച്ച പുസ്തക ചർച്ചയിൽ രാജ്യസഭാ എംപി സുധാൻഷു ത്രിവേദി, ബിജെപിയുടെ വിദേശ സെൽ മേധാവി വിജയ് ചൗതൈവാലെ, എഴുത്തുകാരൻ ശന്തനുവിനൊപ്പം തങ്ങളുടെ ചിന്തകൾ പങ്കുവെച്ചു.
യോഗി ആദിത്യനാഥിനെക്കുറിച്ചുള്ള പുസ്തകത്തിന് അവതാരിക എഴുതിയത് ഇൻഫോസിസിലെ മുൻ ഡയറക്ടർ മോഹൻദാസ് പൈ ആണ്. സമകാലിക കാലത്തിന് അനുയോജ്യമായ പരിഹാരങ്ങൾ തേടുമ്പോൾ ഇന്ത്യയുടെ പുരാതന ധാർമ്മികതയിൽ വേരൂന്നിയ ഒരു ഫലപ്രദമായ നേതാവിന് യഥാർത്ഥ മാറ്റം കൊണ്ടുവരാൻ കഴിയുന്നതെങ്ങനെ എന്നതിനുള്ള പ്രധാന സംഭാവനയാണ് ശന്തനു ഗുപ്തയുടെ പുസ്തകമെന്ന് പ്രസാധകനായ ഗരുഡ പ്രകാശന്റെ സ്ഥാപകനും സിഇഒയുമായ സംക്രാന്ത് സാനു പറഞ്ഞു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കീഴിലുള്ള യുപിയുടെ പരിവർത്തന കഥയെക്കുറിച്ച് കൂടുതലറിയാനുള്ള പ്രവാസികൾക്കിടയിലെ ജിജ്ഞാസ കണ്ട് താൻ ആശ്ചര്യപ്പെടുന്നതായും ശന്തനു കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി മോദിയുടെയും മുഖ്യമന്ത്രി യോഗിയുടെയും ജോഡിയെ പ്രവാസി സമൂഹം എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന്, ‘രാം-ലക്ഷ്മൺ കി ജോഡി’, ‘റാം-ഹനുമാൻ കി ജോഡി’, ഡബിൾ എഞ്ചിൻ കി സർക്കാർ തുടങ്ങിയ പദങ്ങൾ താൻ എപ്പോഴും കേൾക്കാറുണ്ടെന്ന് ശന്തനു മറുപടി നൽകി.
Comments