കൊച്ചി : വൃത്തികേടുകളുടെ പ്രപഞ്ചമാണ് പി.സി ജോര്‍ജെന്നും ചാനല്‍ ചര്‍ച്ചകളില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കണമെന്നും സംവിധായകന് ജിയോ ബേബി.
ഇത്തരം വൃത്തികേടുകള്‍ സമൂഹത്തിന്റെ വിവിധ തുറകളിലുണ്ട്. അവര്‍ക്കെല്ലാം ടെലിവിഷന്‍ ചാനലുകളില്‍ പ്രാതിനിധ്യവുമുണ്ട്. നമ്മുടെ ടെലിവിഷന്‍ ചാനലുകളില്‍ സ്ത്രീകളെ, ട്രാന്സ്ജെന്ഡേഴ്സിനെ, എല്‍.ജി.ബി.ടി.ക്യു വിഭാഗത്തെ അവഹേളിക്കുന്ന ഒട്ടനവധി പ്രസ്താവനകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുകയാണ്. ഇതിനെയെല്ലാം മാറ്റി നിര്‍ത്തേണ്ടതുണ്ട്. അതില്‍ ഒരു കണ്ണി മാത്രമാണ് പി.സി ജോര്‍ജെന്നും ജിയോ ബേബി പറഞ്ഞു.
പി.സി ജോര്‍ജ് എന്ന് പറയുന്നത് ഭാഷയുടെ വൃത്തികേടിന്റെ അങ്ങേ അറ്റമാണ്. ഇത്തരം വൃത്തികേടുകള്‍ താങ്ങി നടക്കുന്നവര്‍ക്ക് ആശ്വാസവും സപ്പോര്‍ട്ടുമാണ് പി.സി ജോര്‍ജിനെ പോലെയുള്ളവര്‍.
ദിലീപിന്റെയോ ഫ്രാങ്കോയുടെയോ കേസില്‍ നമുക്ക് എവിടെ വേണമെങ്കിലും നില്ക്കാം. അതിന് ജനാധിപത്യപരമായ അവകാശമുണ്ട്. പക്ഷേ അപ്പോള്‍ പോലും ഒരാളെ പുകഴ്ത്തുകയോ ഇകഴ്ത്തുകയോ ചെയ്യേണ്ടതില്ല. പി.സി ജോര്‍ജ് പക്ഷേ പെണ്‍കുട്ടിയെ അപമാനിക്കുകയാനെന്നും ജിയോ ബേബി പറഞ്ഞു
Comments