ലക്‌നൗ : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജയിൽവാസം അനുഭവിക്കുന്ന സമാജ്‌വാദി പാർട്ടി നേതാവ് അസംഖാൻ. നാമനിർദ്ദേശ പത്രിക നൽകി. തെരഞ്ഞെടുപ്പിന് മുന്നോടിയായി അസം ഖാനെ ജയിലിൽ നിന്നും പുറത്തിറക്കാനുള്ള നെട്ടോട്ടത്തിലാണ് അഭിഭാഷകർ.
ഭൂമി കയ്യേറ്റം, അനധികൃത സ്വത്തു സമ്പാദനം തുടങ്ങി നിരവധി കേസുകളിൽ ശിക്ഷിക്കപ്പെട്ട അസം ഖാൻ നിലവിൽ സീതാപൂർ ജയിലിലാണ് ഉള്ളത്. ഇവിടെ നിന്നും മുഖ്യതെരഞ്ഞെടുപ്പ് ഏജന്റായ അസിം റാസിന്റെ പക്കലാണ് നാമനിർദ്ദേശ പത്രിക നൽകിയത്. നാമനിർദ്ദേശവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയെന്നും, അസം ഖാന് ജാമ്യം ലഭിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയതായും അസിം റാസ പറഞ്ഞു. രാംപൂർ സദാർ നിയോജക മണ്ഡലത്തിൽ നിന്നാണ് അസം ഖാൻ ജനവിധി തേടുന്നത്.
വിവിധ കേസുകളിൽ അറസ്റ്റിലായ അസം ഖാനെ 2020 ഫെബ്രുവരിയിലാണ് ജയിലിൽ അടച്ചത്. തുടർന്ന് നിരവധി തവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഈ സാഹചര്യത്തിൽ നിരവധി പേരാണ് അസം ഖാനെയും സമാജ് വാദി പാർട്ടിയെയും പരിഹസിച്ചും വിമർശിച്ചും രംഗത്തു വന്നിരിക്കുന്നത്.
കോടതി ജാമ്യം നിഷേധിച്ചാൽ അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പിൽ സമാജ് വാദിപാർട്ടി എങ്ങിനെ അസം ഖാനെ മത്സരിപ്പിക്കുമെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ചോദിച്ചു. സമാജ്‌വാദി പാർട്ടി സർക്കാരിന്റെ കാലത്ത് കുറ്റ കൃത്യങ്ങളുടെ നാടായിരുന്നു യുപി. മധുരയിലെ ജവഹാർ ബാഗ് സംഭവം ഒരിക്കലും മറക്കില്ല. ക്രിമിനലുകളുടെ പാർട്ടിയാണ് എസ്പിയെന്നും അദ്ദേഹം പറഞ്ഞു.
Comments