ന്യൂഡൽഹി : എയർ ഇന്ത്യ എയർലൈൻസ് ടാറ്റ ഗ്രൂപ്പിന് ഔദ്യോഗികമായി കൈമാറി കേന്ദ്രസർക്കാർ. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഉച്ചയോടെയാണ് എയർ ഇന്ത്യയുടെ കൈമാറ്റം നടന്നത്. ഇനി മുതൽ ടാറ്റ ഗ്രൂപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലസ് പ്രൈവറ്റ് ലിമിറ്റഡിനാണ് എയർ ഇന്ത്യയുടെ ഉടമസ്ഥാവകാശം.
എയർ ഇന്ത്യ ഔദ്യോഗികമായി ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതോടെ കേന്ദ്ര സർക്കാർ പ്രതിനിധികൾ സ്ഥാനം ഒഴിഞ്ഞു. സർക്കാർ പ്രതിനിധികൾക്ക് പകരം ടാറ്റയുടെ അംഗങ്ങൾ ചുമതലയേറ്റതായി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ആന്റ് പബ്ലിക് അസ്സെറ്റ് മാനേജ്‌മെന്റ് സെക്രട്ടറി ടുഹിൻ കാന്ത പാണ്ഡെ അറിയിച്ചു. നൂറ് ശതമാനം ഓഹരികളും, പൂർണ നിയന്ത്രണവുമാണ് കേന്ദ്രസർക്കാർ ടാറ്റ ഗ്രൂപ്പിന് കൈമാറിയിരിക്കുന്നത്.
കൈമാറ്റത്തിന് മുന്നോടിയായി ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ടാറ്റ ഗ്രൂപ്പിലേക്ക് എയർ ഇന്ത്യ വീണ്ടും എത്തുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ചന്ദ്രശേഖരൻ കൂടിക്കാഴ്ചയ്‌ക്ക് ശേഷം പ്രതികരിച്ചു.
കഴിഞ്ഞ ഒകടോബറിലാണ് കേന്ദ്രസർക്കാർ എയർ ഇന്ത്യ ടാറ്റയ്‌ക്ക് വിറ്റത്. 18,000 കോടി രൂപയ്‌ക്കായിരുന്നു കൈമാറ്റം. 12,906 കോടി രൂപയായിരുന്നു സർക്കാർ നിശ്ചയിച്ച അടിസ്ഥാന വില. സ്‌പൈസ് ജെറ്റ് പ്രമോട്ടർ അജയ് സിംഗിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം മുന്നോട്ടുവെട്ട 15,100 കോടി രൂപ മറികടന്നാണ് ടാറ്റ എയർ ഇന്ത്യ സ്വന്തമാക്കിയത്.
Comments