കോഴിക്കോട്:കോഴിക്കോട് വെള്ളിമാട്കുന്ന് ബാലികാമന്ദിരത്തിൽ നിന്ന് പെൺകുട്ടികൾ ഒളിച്ചോടിയ സംഭവത്തിലെ ബാഹ്യ ഇടപെടൽ തേടി പോലീസ് . പെൺകുട്ടികൾക്ക് പണം നൽകിയവരെ കുറിച്ചും സഹായിച്ചവരെ കുറിച്ചും പോലീസ് അന്വേഷിക്കുമെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ശിശു ക്ഷേമ സമിതിയും പെൺകുട്ടികളുടെ മൊഴിയെടുക്കും .
ബാലികാ മന്ദിരത്തിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളെ ബെംഗളൂവിരിൽ നിന്നും നാല് പെൺകുട്ടികളെ മലപ്പുറം എടക്കരയിൽ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. രണ്ട് യുവാക്കളെയും ഇവർക്കൊപ്പം പിടികൂടിയിരുന്നു. മലപ്പുറത്ത് നിന്ന് കണ്ടെത്തിയവരെ കോഴിക്കോട് ചേവായൂർ സ്റ്റേഷനിൽ എത്തിച്ചു.
ബെംഗളൂരുവിൽ നിന്ന് കണ്ടെത്തിയ പെൺകുട്ടികളെയും യുവാക്കളെയും പോലീസ് ഉടൻ കോഴിക്കോട് എത്തിക്കുമെന്നാണ് വിവരം. വൈദ്യ പരിശോധനയ്‌ക്ക് ശേഷം മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും. പെൺകുട്ടികളുടെ ഒളിച്ചോട്ടത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ പുറത്തുകൊണ്ടുവരുമെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എവി ജോർജ്ജ് വ്യക്തമാക്കി.
ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും പെട്ടന്നുണ്ടായ തീരുമാനപ്രകാരമാണ് ഒളിച്ചോട്ടമെന്നുമാണ് പെൺകുട്ടികൾ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ പെൺകുട്ടികൾക്ക് സഞ്ചരിക്കാൻ പണം ലഭിച്ചതും യാത്ര നിശ്ചയിച്ചതുമെല്ലാം പരിഗണിച്ച് സംഭവത്തിൽ വലിയ ആസൂത്രണം നടന്നതായാണ് പോലീസിന്റെ സംശയം.
പെൺകുട്ടികൾക്ക് സാമ്പത്തിക സഹായം നൽകിയവരെക്കുറിച്ചും ഒളിച്ചോട്ടത്തിന് സഹായിച്ചവരെക്കുറിച്ചുമുള്ള വിവരങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എവി ജോർജ്ജ് കൂട്ടിച്ചേർത്തു.
ബാലികാ മന്ദിരത്തിൽ നിന്ന് തിരിക്കുമ്പോൾ കുട്ടികളുടെ കൈവശം നൂറ് രൂപയോളം മാത്രമേ ഉണ്ടായിരുന്നുവെന്നും മൊബൈൽ ഫോൺ ഇല്ലായിരുന്നുവെന്നുമാണ് പോലീസിന്റെ കണ്ടെത്തൽ. അതിനാൽ ഇവർക്ക് സാമ്പത്തിക സഹായം നൽകിയത് ആരെന്നും എങ്ങനെയെന്നുമുള്ള സംശയങ്ങൾക്ക് ഉത്തരം കണ്ടത്തേണ്ടത് നിർണായകമായിരിക്കുകയാണ്.
















Comments