ലാഹോർ: പബ്ജിയ്‌ക്ക് അടിമയായ 14കാരൻ വീട്ടിലെ മുഴുവൻ കുടുംബാംഗങ്ങളേയും വെടിവെച്ച് കൊന്നു. പാകിസ്താനിലെ കാൻഹ പ്രദേശത്താണ് സംഭവം. അമ്മ, രണ്ട് സഹോദരിമാർ, സഹോദരൻ എന്നിവരെയാണ് വെടിവെച്ച് കൊന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 14കാരനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൗമാരക്കാരന് തോക്ക് എവിടെ നിന്ന് ലഭിച്ചു എന്നതിന് കുറിച്ചാണ് നിലവിൽ അന്വേഷിക്കുന്നത്. വീട്ടിൽ തന്നെ ഉണ്ടായിരുന്ന തോക്കാണിതെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. അമ്മ നാഹിദ് മുബാറക്ക്, സഹോദരൻ തൈമൂർ, സഹോദരികളായ മഹ്നൂർ,ജനത്ത് ഫാത്തിമ എന്നിവരാണ് കൊല്ലപ്പെട്ടത്. പബ്ജിയുടെ സ്വാധീനമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ആഴ്‌ച്ചയാണ് ഇവരെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് 14കാരനെ ചോദ്യം ചെയ്യുകയും അവൻ കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഗെയിം കളിക്കുന്നതുമായി ബന്ധപ്പെട്ട് ഉമ്മയുമായി കുട്ടി വഴക്കിട്ടിരുന്നു. തുടർന്ന് ഉമ്മയുടെ പിസ്റ്റളെടുത്ത് വെടിവെച്ച് ഉമ്മയെ കൊലപ്പെടുത്തിയ ശേഷം ഉറങ്ങിക്കിടക്കുന്ന സഹോദരങ്ങൾക്കെതിരെയും നിറയൊഴിച്ചു.
പിറ്റേദിവസം രാവിലെ ഉമ്മയും സഹോദരങ്ങളും കൊല്ലപ്പെട്ട് കിടക്കുകയാണെന്ന് അയൽക്കാരെ വിവരമറിയിച്ചു. താൻ മുകളിലത്തെ നിലയിലായിരുന്നെന്നും ഒന്നുമറിഞ്ഞില്ലെന്നും കുട്ടി പോലീസിന് മൊഴി നൽകി. ഈ മൊഴിയിൽ സംശയം തോന്നിയ പോലീസ് 14കാരനെ കസ്റ്റഡിയിലെടുക്കുകയും വിശദമായി ചോദ്യം ചെയ്യുകയുമായിരുന്നു.
Comments