കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ പെൺകുട്ടികളെ തിരികെയെത്തിച്ചു. കാണാതയതിനെ തുടർന്ന് പോലീസ് പിടികൂടിയ ആറ് പെൺകുട്ടികളെയാണ് വീണ്ടും വെള്ളിമാടുകുന്നിലേക്ക് എത്തിച്ചത്. അതേസമയം ഒളിച്ചോടിയ കുട്ടികളിലൊരാളുടെ അമ്മ മകളെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.
മാതാപിതാക്കൾ ആവശ്യപ്പെട്ടെങ്കിലും കുട്ടിയെ വിട്ടുനൽകില്ലെന്ന നിലപാടിലാണ് ചിൽഡ്രൻസ് ഹോം അധികൃതരെന്നാണ് വിവരം. അതിനാൽ ജില്ലാ കലക്ടർ, ശിശുക്ഷേമസമിതി, പോലീസ് എന്നിവർക്ക് പരാതി നൽകിയിരിക്കുകയാണ് അമ്മ.
ഇതിനിടെ കുട്ടികൾക്ക് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതികളായ രണ്ട് യുവാക്കളെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ചേവായൂർ സ്റ്റേഷനിൽ നിന്നും ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതി ഫെബിൻ റാഫിക്കെതിരെ കസ്റ്റഡിയിലിരിക്കെ ചാടിപ്പോയതിനും കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് കമ്മീഷണർ റിപ്പോർട്ട് തേടി. പ്രതി ചാടിപ്പോയതിൽ രണ്ട് പോലീസുകാർക്ക് വീഴ്ച സംഭവിച്ചതായാണ് വിലയിരുത്തൽ.
പീഡനക്കേസിൽ അറസ്റ്റിലായ കൊടുങ്ങല്ലൂർ സ്വദേശിയായ പ്രതി ഫെബിൻ റാഫി ചേവായൂർ പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. വൈദ്യപരിശോധനയ്‌ക്ക് ശേഷം പ്രതികളെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കാനുള്ള ഒരുക്കങ്ങൾക്കിടെയാണ് ഫെബിൻ രക്ഷപ്പെട്ടത്. തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ കോഴിക്കോട് ലോ കോളേജിന് പിന്നിലെ കാട് മൂടിയ പ്രദേശത്ത് നിന്നും വിദ്യാർഥികളുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.
















Comments