കോഴിക്കോട്: വെള്ളിമാട്കുന്ന് ബാലികാസദനത്തിൽ നിന്ന് പെൺകുട്ടികൾ പുറത്ത് കടന്ന സംഭവത്തിൽ കേസിൽ പിടിയിലായ യുവാക്കൾ തെറ്റുകാരല്ലെന്ന് പെൺകുട്ടികളുടെ വെളിപ്പെടുത്തൽ.
യുവാക്കൾ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും കേസ് പോലീസ് കെട്ടിച്ചമച്ചതെന്നും രക്ഷപ്പെട്ട പെൺകുട്ടികൾ വെളിപ്പെടുത്തി. മാദ്ധ്യമങ്ങളോട് കൂടുതൽ കാര്യങ്ങൾ പറയാനുണ്ടെന്നും പെൺകുട്ടികൾ പറഞ്ഞു. ഇക്കാര്യം ഗേറ്റിനടുത്തെത്തി പെൺകുട്ടികൾ ഉച്ചത്തിൽ വിളിച്ചു പറയുകയായിരുന്നു. സിഡബ്യൂസി യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമങ്ങളോടായിരുന്നു കുട്ടികളുടെ പ്രതികരണം. പെൺകുട്ടികൾ ഉച്ചത്തിൽ ഇക്കാര്യം വിളിച്ചു പറഞ്ഞതോടെ അധികൃതർ അവരെ പിടിച്ചുമാറ്റുകയായിരുന്നു.
യുവാവ് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് പോക്സോ ആക്ട് പ്രകാരമാണ് യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം പെൺകുട്ടികളുടെ മൊഴി 164 ആക്ട് പ്രകാരം മജിസ്ടേറ്റിന് മുന്നിൽ നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്.
കൊല്ലം, തൃശ്ശൂർ സ്വദേശികളായ യുവാക്കളാണ് നിലവിൽ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. അതേസമയം, ബാലികാസദനത്തിലെ അവസ്ഥ മോശമായതാണ് പുറത്ത് പോവാൻ തീരുമാനിച്ചതിന് പിന്നിലെന്നും പെൺകുട്ടികൾ മൊഴിനൽകിയിട്ടുണ്ട്. ഗോവയിലേക്ക് പോവാനായിരുന്നു പദ്ധതിയെന്നും കുട്ടികൾ പറഞ്ഞിരുന്നു.
ബാലികാസദനത്തിൽ നിന്ന് പുറത്ത് കടന്ന പെൺകുട്ടികളിലൊരാൾ ഇന്ന് ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നു. കൈഞരമ്പ് മുറിച്ചാണ് പെൺകുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. പെൺകുട്ടികളുടെ വെളിപ്പെടുത്തലോടെ കേസ് കൂടുതൽ സങ്കീർണമായിരിക്കുകയാണ്.
















Comments