ന്യൂഡൽഹി: 5ജി സ്‌പെക്ട്രം ലേലം ഈ വർഷം തന്നെ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. അടുത്ത സാമ്പത്തിക വർഷത്തോടെ രാജ്യത്ത് 5ജി സേവനങ്ങൾ ലഭ്യമാകുമെന്ന് മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. എല്ലാവർക്കും ഇന്റർനെറ്റ് ഉറപ്പാക്കുകയാണ് കേന്ദ്രസർക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
ആദ്യ ഘട്ടത്തിൽ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ 5ജി സേവനങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. 2022-2023 സാമ്പത്തിക വർഷത്തിൽ തന്നെ 5ജി സേവനങ്ങൾ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ നൽകിത്തുടങ്ങുമെന്ന് മന്ത്രി ബജറ്റിൽ ഉറപ്പ് നൽകി.
2025 ഓടെ ഗ്രാമങ്ങളെ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയാക്കും. 5ജിക്ക് വേണ്ട അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക സമിതി രൂപീകരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. 5ജി സാങ്കേതിക വിദ്യ കൂടുതൽ ജോലി സാദ്ധ്യതകൾ തുറക്കുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
5ജി യോടൊപ്പം ഗ്രാമീണമേഖലയിൽ മികച്ച ബ്രോഡ്ബാൻഡ് സേവനങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ ഉണ്ടാകുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഗ്രാമീണമേഖലയിലുള്ളവർക്ക് നഗരത്തിൽ ലഭ്യമാകുന്നത് പോലെ തന്നെ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകണമെന്നാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നതെന്ന് ബജറ്റ് പ്രഖ്യാപനം.
Comments