ന്യൂഡൽഹി: ബജറ്റിനെ ജനം സ്വീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത 100 വർഷത്തേക്കുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ദാരിദ്ര്യ നിർമാർജ്ജനമാണ് ബജറ്റിന്റെ ലക്ഷ്യം. യുവാക്കൾക്ക് മികച്ച ഭാവി ഉറപ്പാക്കുന്നതും, പുതിയ പ്രതീക്ഷകൾ നൽകുന്നതുമാണ് ഈ ബജറ്റ്. അടിസ്ഥാന സൗകര്യങ്ങൾ കൂട്ടുക, നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുക, കൂടുതൽ വളർച്ച, രാജ്യപുരോഗതി, കൂടുതൽ തൊഴിലവസരങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുക എന്നതെല്ലാമാണ് ഈ ബജറ്റ് ലക്ഷ്യമിടുന്നത്. ജനസൗഹൃദവും, രാജ്യത്തിന്റെ പുരോഗതിയ്‌ക്ക് ഏറെ പ്രാധാന്യം നൽകുന്നതുമാണ് ബജറ്റെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കൊറോണ മഹാമാരിയെന്ന ദുരന്തത്തിന്റെ ആഘാതത്തിനിടയിലും പുതിയ ആത്മവിശ്വാസം നൽകുന്നതാണ് ഈ ബജറ്റ്. സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തി ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ദരിദ്രരായ ആൾക്കാരുടെ ക്ഷേമമാണ് ബജറ്റിന്റെ മറ്റൊരു വശം. വീട്, വെള്ളം, ശുചിമുറി, ഗ്യാസ് കണക്ഷൻ തുടങ്ങിയ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ ഈ ബജറ്റ് ശ്രദ്ധ വച്ചിട്ടുണ്ട്. ഏറ്റവും ആധുനിക സൗകര്യങ്ങളോടെയുള്ള ഇന്റർനെറ്റ് സൗകര്യം ഒരുക്കുന്ന കാര്യവും ബജറ്റിൽ പറയുന്നു.
ബജറ്റിനെക്കുറിച്ചുള്ള സാധാരണക്കാരുടെ പ്രതികരണങ്ങൾ ബിജെപിക്ക് കൂടുതൽ കരുത്ത് നൽകുന്നതാണ്. ഹിമാചൽ, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ, നോർത്ത് ഈസ്റ്റ് തുടങ്ങിയ പ്രദേശങ്ങളിൽ പർവത് മല പദ്ധതി ആരംഭിക്കുന്നുണ്ട്. ഇത്തരമൊന്ന് രാജ്യത്ത് തന്നെ ആദ്യമാണ്. മലനിരകളിൽ ആധുനിക ഗതാഗത സൗകര്യം ഉറപ്പാക്കുന്നതാണ് പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.
















Comments