ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ 2022-23 വർഷത്തെ ബജറ്റിനെ അഭിനന്ദിച്ച് വ്യവസായ ലോകം. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ഉൾപ്പെടെയുളളവരാണ് ധനമന്ത്രി നിർമല സീതാരാമനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. നിർമല സീതാരാമന്റെ ചെറിയ ബജറ്റ് പ്രസംഗം ഒരു പക്ഷെ ഏറ്റവും സ്വാധീനം ചെലുത്തിയേക്കാവുന്നതാകുമെന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു.
ബജറ്റിലെ പ്രഖ്യാപനങ്ങൾ വിലയിരുത്തിയതിന് പിന്നാലെയായിരുന്നു ആനന്ദ് മഹീന്ദ്രയുടെ പ്രഖ്യാപനം. സംക്ഷിപ്തത എല്ലായ്‌പോഴും ഒരു ശ്രേഷ്ഠതയാണെന്നും ആനന്ദ് മഹീന്ദ്ര കുറിച്ചു. കൊറോണ പ്രതിസന്ധി ഒഴിഞ്ഞു തുടങ്ങിയതോടെ വ്യവസായ ലോകവും ബജറ്റിനെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. ഇവരെ നിരാശപ്പെടുത്താത്ത പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഉണ്ടായിരുന്നതെന്നാണ് ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
കാർഷിക മേഖലയെ സഹായിക്കാൻ കിസാൻ ഡ്രോൺ ഉൾപ്പെടെയുളള പ്രഖ്യാപനങ്ങളായിരുന്നു ബജറ്റിൽ ഇടംപിടിച്ചത്. കാർഷിക മേഖലയിലും ഗ്രാമീണ വ്യവസായ മേഖലയിലും സ്റ്റാർട്ടപ്പുകൾ രൂപീകരിക്കാൻ നബാർഡ് വഴി ഫണ്ട് അനുവദിക്കുമെന്ന പ്രഖ്യാപനവും വ്യവസായ ലോകം പ്രതീക്ഷയോടെയാണ് വരവേറ്റത്. ഇലക്ട്രിക് വാഹനവിപണിയെ ഉൾപ്പെടെ സ്വാധീനിക്കുന്ന നിരവധി പ്രഖ്യാപനങ്ങളും ബജറ്റിൽ ഇടംപിടിച്ചിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിലും ബജറ്റിൽ കാര്യമായ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്.
കീടനാശിനി ഉൾപ്പെടെയുളളവ തളിക്കാനും വിളകളുടെ തൽസ്ഥിതി വിലയിരുത്താനും കിസാൻ ഡ്രോണുകൾ അവതരിപ്പിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം ഉണ്ടായിരുന്നു.
Comments