തിരുവനന്തപുരം: ബജറ്റിൽ വന്ദേഭാരത് ട്രെയിൻ സർവ്വീസുകൾ പ്രഖ്യാപിച്ചതിനാൽ കേരളം കെ റെയിൽ പദ്ധതിയിൽ നിന്ന് പിൻമാറണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മൂന്ന് വർഷത്തിനുള്ളിൽ നാന്നൂറോളം വന്ദേ ഭാരത് ട്രെയിൻ സർവ്വീസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിലേക്കും കൂടുതൽ സർവ്വീസുകൾ കൊണ്ടു വന്ന് സംസ്ഥാനത്തെ തകർക്കുന്ന പദ്ധതിയിൽ നിന്ന് പിൻമാറാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് വിഡി സതീശൻ കൂട്ടിച്ചേർത്തു.
160 മുതൽ 180 കിലോ മീറ്റർ വരെ വേഗത ഈ ട്രെയിനുകൾക്കുണ്ട്. ഇതിന്റെ മുതൽമുടക്കും ഇന്ത്യൻ റെയിൽവെയാണ് വഹിക്കുന്നത്. അതിനാൽ വൻ സാമ്പത്തിക ബാധ്യതയും സാമൂഹിക പാരിസ്ഥിതിക ആഘാതങ്ങളും ഉണ്ടാക്കുന്ന കെ റെയിലിൽ നിന്നും കേരള സർക്കാർ പിൻമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രമന്ത്രി നിർമ്മല സിതാരാമൻ ഇന്നവതരിപ്പിച്ച ബജറ്റിൽ ഗതാഗത വികസനത്തിനായി 400 പുതിയ വന്ദേ ഭാരത് ട്രെയിനുകളാണ് പ്രഖ്യാപിച്ചത്. ഇഎംയു ട്രെയിൻ സെറ്റുകളായ വന്ദേ ഭാരത് ട്രെയിനുകൾ രാജ്യത്തെ വേഗം കൂടിയ ട്രെയിനുകളാണ്. നിലവിൽ ഡൽഹിയിൽ നിന്നു വാരണാസയിലേക്കും കത്രയിലേക്കുമായി രണ്ടു ട്രെയിനുകളാണ് ഉള്ളത്. 400 ഓളം വന്ദേഭാരത് ട്രെയിനുകൾ കൂടി ഓടിത്തുടങ്ങുന്നതോടെ റെയിൽവേഗതാഗതത്തിന്റെ മുഖഛായ തന്നെ മാറും.
















Comments