ന്യൂഡൽഹി: സംരംഭങ്ങളുടെയും സേവന ഹബുകളുടെയും വികസനത്തിൽ പങ്കാളികളാകാൻ സംസ്ഥാനങ്ങളെ പ്രാപ്തമാക്കുന്നതിന് പ്രത്യേക സാമ്പത്തിക മേഖല നിയമത്തിന് പകരം പുതിയ നിയമനിർമ്മാണം നടത്തുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. 2022-23 ലെ കേന്ദ്ര ബജറ്റിലൂടെയാണ് നിർമല സീതാരാമന്റെ പ്രഖ്യാപനം. നിലവിലുള്ളതും പുതിയതുമായ എല്ലാ വലിയ വ്യാവസായിക എൻക്ലേവുകൾക്കും ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും കയറ്റുമതിയുടെ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഗിഫ്റ്റ് സിറ്റിയെ കൂടുതൽ ആകർഷകമാക്കുന്നതിനുള്ള വിവിധ സംരംഭങ്ങളും മന്ത്രി നിർദ്ദേശിച്ചു. അന്താരാഷ്‌ട്ര നിയമത്തിന് കീഴിൽ വരുന്ന തർക്കങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് ഗിഫ്റ്റ് സിറ്റിയിൽ ഒരു ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ സ്ഥാപിക്കുന്നതിന് ശ്രീമതി സീതാരാമൻ നിർദ്ദേശിച്ചു. കൂടാതെ, ആഗോള മൂലധനത്തിനുള്ള സേവനങ്ങൾ ഗിഫ്റ്റ് സിറ്റിയിൽ സുഗമമാക്കുമെന്ന് അവർ പറഞ്ഞു.
സാമ്പത്തിക സേവനങ്ങളിലും സാങ്കേതികവിദ്യയിലും ഉന്നത മനുഷ്യ വിഭവശേഷി വർദ്ധിപ്പിക്കുന്നതിന് സാമ്പത്തിക മാനേജ്മെന്റ്, ഫിൻടെക്, ശാസ്ത്രം, സാങ്കേതികവിദ്യ എഞ്ചിനീയറിംഗ്, ഗണിത ശാസ്ത്രം എന്നീ കോഴ്സുകൾ നടത്താൻ ലോകോത്തര വിദേശ സർവകലാശാലകളെയും സ്ഥാപനങ്ങളെയും ഗിഫ്റ്റ് സിറ്റിയിൽ അനുവദിക്കും. ഐഎഫ്എസ്‌സിഎ ഒഴികെ എല്ലാ ആഭ്യന്തര നിയന്ത്രണങ്ങളിൽ നിന്നും ഇവയെ ഒഴിവാക്കും.
ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റ് ഫോർ മൈക്രോ ആൻഡ് സ്മോൾ എന്റർപ്രൈസസ് (സിജിടിഎംഎസ്ഇ) സ്‌കീം ആവശ്യമായ ഫണ്ട് ഉപയോഗിച്ച് നവീകരിക്കും. ഇത് സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾക്ക് 2 ലക്ഷം കോടി രൂപയുടെ അധിക വായ്പ നൽകാനും തൊഴിലവസരങ്ങൾ വിപുലീകരിക്കാനും സഹായിക്കും.
എംഎസ്എംഇ മേഖലയെ കൂടുതൽ പ്രതിരോധശേഷിയുള്ളതും മത്സരപരവും കാര്യക്ഷമവുമാക്കുന്നതിനായി 5 വർഷത്തിനുള്ളിൽ 6,000 കോടി രൂപ അടങ്കലുള്ള എംഎസ്എംഇ പെർഫോമൻസ് (റാംപ്) റൈസിംഗ് ആൻഡ് ആക്സിലറേറ്റിംഗ് പദ്ധതി ആവിഷ്‌കരിക്കുമെന്നും മന്ത്രി അറിയിച്ചു.
Comments