കേരളത്തിന്റെ സൂപ്പർ ഹീറോയായി തിളങ്ങിയ മിന്നൽ മുരളി ഇപ്പോൾ ചോദ്യപേപ്പറിലും തിളങ്ങുന്നു. സിനിമ റിലീസ് ആയി ഒരു മാസം കഴിഞ്ഞിട്ടും അതിന്റെ ആവേശം മലയാളികളുടെ മനസ്സിൽ നിന്നും ഇനിയും മാറിയിട്ടില്ല. വിദേശരാജ്യങ്ങളിലെ സിനിമ ആരാധകരും ഇരുകയ്യും നീട്ടി സ്വീകരിച്ച മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോ ഇപ്പോൾ ചോദ്യപേപ്പറിലും ഇടം പിടിച്ചിട്ടുണ്ട്.
കോതമംഗലത്തെ മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിംഗിലെ ചോദ്യക്കടലാസിലാണ് മിന്നൽ മുരളിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലെ വില്ലൻ ഷിബു, ജോസ് മോൻ എന്നീ കഥാപാത്രങ്ങളും സ്ഥലങ്ങളും ഒക്കെ ചോദ്യപ്പേപ്പറിൽ കടന്നുകൂടിയിട്ടുണ്ട്. സിനിമയുടെ സംവിധായകൻ ബേസിൽ ജോസഫ് തന്നെയാണ് ഇത് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. ‘ദേശം, കണ്ണാടിക്കൽ, കുറുക്കൻമൂല എല്ലാം ഉണ്ട്” എന്നാണ് ബേസിൽ കുറിച്ചത്.
സമുദ്രനിരപ്പിലുള്ള സ്ഥലമായ കുറുക്കൻമൂലയിൽ കുളിക്കാൻ ചൂടുവെള്ളം തിളപ്പിക്കാൻ പോകുകയായിരുന്നു മിന്നൽ മുരളി. അപ്പോഴാണ് 100 ഡിഗ്രി സെൽഷ്യസിന് താഴെ വെള്ളം തിളയ്‌ക്കുമെന്ന് അനന്തരവൻ ജോസ്‌മോൻ പറയുന്നത്. എന്നാൽ അങ്ങനെ സാധ്യമല്ലെന്ന് മിന്നൽ മുരളി വാദിച്ചു… എന്നിങ്ങനെയാണ് ആദ്യ ചോദ്യം തുടങ്ങുന്നത്. ഇതിന്റെ താഴെ ഉപചോദ്യങ്ങളുമുണ്ട്. 50 മാർക്കിനാണ് ചോദ്യങ്ങൾ ഉള്ളത്.
ഇത് വൈറലായതോടെ ചോദ്യപേപ്പറിന് പിന്നിലെ സംവിധായകന്റെ വിവരങ്ങളും പുറത്തുവന്നു. കോളജിലെ മെക്കാനിക്കൽ വിഭാഗം അസിസ്റ്റന്റ് പ്രെഫസർ ഡോ. കുര്യൻ ജോൺ ആണ് ‘മിന്നൽ മുരളി’ ചോദ്യപേപ്പറിന് പിന്നിൽ പ്രവർത്തിച്ചത്. പരീക്ഷാ സമയത്തെ കുട്ടികളുടെ സമ്മർദം ഒഴിവാക്കാനാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പരീക്ഷണങ്ങൾ മുൻപും നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയധികം ശ്രദ്ധിക്കപ്പെടുന്നതെന്നു കുര്യൻ പറഞ്ഞു. സിനിമയുടെ സംവിധായകൻ ബേസിൽ ജോസഫ് ഡോ.കുര്യനെ ഫോണിൽ വിളിച്ചു സംസാരിക്കുകയും ചെയ്തു.
Comments