ദുബായ്: 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് യുഎഇയിൽ ഫൈസർ – ബയോ എൻടെക് വാക്‌സിനുകൾ നൽകി തുടങ്ങി. ആരോഗ്യ പ്രതിരോധ മന്ത്രാലയം ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കി. 5 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകാനുള്ള തീരുമാനം ക്ലിനിക്കൽ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് മന്ത്രാലയം വ്യക്തമാക്കി. 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്കായുള്ള വാക്‌സിൻ രണ്ട് ഡോസുകളിലായാണ് നൽകുന്നത്.
ആദ്യ ഡോസ് നൽകി മൂന്നാഴ്ച ക്ക് ശേഷമാണ് രണ്ടാം ഡോസ് നൽകുന്നത്. വാക്‌സിൻ നിർബന്ധമല്ലെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ക്ലിനിക്കൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ്5 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകാനുള്ള തീരുമാനമെന്നും ആഗോളതലത്തിലും പ്രാദേശികമായും ഇത് സംബന്ധിച്ച് കർശന നിർദേശങ്ങളാണ് രാജ്യം പിന്തുടരുന്നതെന്നും അധികൃതർ വ്യക്തമാക്കി. വാക്‌സിനുകൾ സുരക്ഷിതവും ഫലപ്രദവുമാണെന്നും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുംനിലവിലെ സങ്കീർണതകൾ അവസാനിപ്പിക്കുന്നതിനുമാണ് വാക്‌സിൻ വിതരണം നടത്തന്നതെന്നും മന്ത്രാലയം അറിയിച്ചു.
പതിറ്റാണ്ടുകളായി, ലോകമെമ്പാടുമുള്ള കുട്ടികൾ വിവിധ രോഗങ്ങൾക്കും വൈറസുകൾക്കുമെതിരെ വാക്‌സിനുകൾ സ്വീകരിക്കുന്നുണ്ടെന്നും അതുകൊണ്ടുതെന്ന കുട്ടികൾക്ക് വാക്‌സിനേഷൻ നൽകണമെന്ന് അധികൃതർ മാതാപിതാക്കളോട് അഭ്യർത്ഥിച്ചു. കുട്ടികൾക്ക് വാക്‌സിനേഷൻ നൽകുന്നതിലൂടെ അവരെ സംരക്ഷിക്കുകയും ചുറ്റുമുള്ളവരുടെ, പ്രത്യേകിച്ച് പ്രായമായവരുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നുവെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കുട്ടികൾക്കുള്ള വാക്‌സിനേഷൻ നിർബന്ധമില്ലെന്നും മാതാപിതാക്കളുടെ ഇഷ്ടാനുസരണം വാക്‌സിൻ നൽകാമെന്നും ദുബായ് ഹെൽത്ത് അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു.














Comments