തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മനോരോഗ വിദഗ്ധന് കോടതി ശിക്ഷ വിധിച്ചു. മനോരോഗ വിദഗ്ധനായ ഡോ ഗിരീഷിന് കഠിന തടവാണ് കോടതി വിധിച്ചത്. പ്രതിക്ക് 6 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ആദ്യമായാണ് പോക്‌സോ കേസിൽ ഒരു ഡോക്ടറെ ശിക്ഷിക്കുന്നത്.
പഠന വൈകല്യമുണ്ടെന്ന സംശയത്തിൽ സ്‌കൂളിലെ കൗൺസിലറുടെ നിർദ്ദേശ പ്രകാരമായിരുന്നു കുട്ടിയേയും കൊണ്ട് മാതാപിതാക്കൾ ഇയാളെ കാണാനെത്തിയത് .മാതാപിതാക്കളോട് സംസാരിച്ചതിനു ശേഷമാണ് കുട്ടിയെ ഡോക്ടർ അകത്തേക്ക് വിളിക്കുന്നത് . ഡോക്ടറെ കണ്ടതിനു ശേഷം പുറത്തിറങ്ങിയ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.
സംസ്ഥാന സർക്കാരിന്റെ മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു പ്രതി പ്രവർത്തിച്ചിരുന്നത്. ചികിത്സയ്‌ക്ക് പ്രവേശിപ്പിക്കുമ്പോഴെല്ലാം ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നു. ഈ വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ സംഭവം പുറത്തറിഞ്ഞതോടെ മാതാപിതാക്കൾ ചൈൽഡ് ലൈനിൽ വിവരം അറിയിരിക്കുകയായിരുന്നു.
Comments