തിരുവനന്തപുരം: ഈ വർഷത്തെ ആറ്റുകാൽ അംബാ പുരസ്‌കാരം നടൻ മോഹൻലാലിന്. ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. പൊങ്കാല ഉത്സവങ്ങളുടെ ഭാഗമായി കലാപരിപാടികളുടെ ഉദ്ഘാടനവും മോഹൻലാൽ നിർവ്വഹിക്കും. ഫെബ്രുവരി ഒൻപതിന് ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവം തുടങ്ങുക.
പൊങ്കാല മഹോത്സവത്തിന്റെ ഒന്നാം ദിവസം രാവിലെ 10.50 നാണ് കാപ്പ് കെട്ടി കുടിയിരുത്തൽ. വൈകിട്ട് 6.30ക്കാണ് കലാപരിപാടികളുടെ ഉദ്ഘാടനം നടക്കുക. 17നാണ് പൊങ്കാല നടക്കുക. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രമാകും പൊങ്കാലയുണ്ടാവുക. ഭക്തജനങ്ങൾ സ്വന്തം വീടുകളിൽ പൊങ്കാല അർപ്പിക്കണമെന്ന് ക്ഷേത്ര ട്രസ്റ്റ് നേരത്തെ അറിയിച്ചിരുന്നു.
കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാകും പരിപാടികൾ. പൊങ്കാല ദിവസം രാവിലെ 10.50 നാണ് പൊങ്കാല അടുപ്പിൽ തീ പകരുന്നത്. ഉച്ചയ്‌ക്ക് 1.20 നാണ് പൊങ്കാല നിവേദ്യം. ഫെബ്രുവരി 18 നാണ് പൊങ്കാല മഹോത്സവത്തിന് സമാപനമാകുക.
















Comments