ലക്‌നൗ: ബിജെപിയുടെ യുപി നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക നാളെ പുറത്തിറക്കിയേക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ പ്രകടന പത്രിക പുറത്തിറക്കുമെന്ന് ബിജെപിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. നരേന്ദ്ര മോദി സർക്കാർ നടപ്പാക്കിയ പദ്ധതികളുടെ തുടർപ്രവർത്തനങ്ങൾ വ്യക്തമാക്കുന്നതായിരിക്കും പ്രകടന പത്രികയെന്നാണ് സൂചന.
ദേശീയത, സദ്ഭരണം, കാശി മഥുര വികസനം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള സമഗ്ര പ്രകടന പത്രികയാകും നാളെ ബിജെപി പുറത്തിറക്കുക. യുപിയുടെ ബിജെപി തെരഞ്ഞെടുപ്പ് ചുമതലയിലുള്ള കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ, അനുരാഗ് താക്കൂർ, ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ്, ദിനേശ് ശർമ്മ എന്നിവരുടെ സാന്നിദ്ധ്യത്തിലാകും അമിത് ഷാ പ്രകടന പത്രിക പുറത്തിറക്കുക.
പ്രകടന പത്രിക പുറത്തിറക്കിയ ശേഷം പടിഞ്ഞാറൻ ഉത്തർപ്രദശിലെ ജാട്ട് ആധിപത്യമുള്ള പ്രദേശങ്ങളിലെ തെരഞ്ഞെടുപ്പ് റാലിയെ അമിത് ഷാ അഭിസംബോധന ചെയ്യും. സ്ത്രീ സുരക്ഷ, തൊഴിൽ, വികസനം, സദ്ഭരണം എന്നിവ പ്രകടന പത്രികയിൽ പരാമർശിക്കപ്പെട്ടേക്കാമെന്ന് ബിജെപിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പ്രകടന പത്രിക തയ്യാറാക്കുന്നതിനായി ബിജെപി സാധാരണക്കാരിൽ നിന്നും നിർദ്ദേശങ്ങൾ തേടിയിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും ബിജെപി പാലിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ഫെബ്രുവരി പത്തിനാണ് ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. ഏഴ് ഘട്ടമായി ഫെബ്രുവരി 10,14,20,23,27 മാർച്ച് 3,7 തീയതികളിലാണ് വോട്ടെടുപ്പ്. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.
















Comments